നാഗമ്പടം മേല്‍പ്പാലം പൊളിക്കുന്നു

കോട്ടയം: നാഗമ്പടം പഴയ റെയില്‍പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. പത്തു ഘട്ടങ്ങളിലായാണ് പാലം പൊളിക്കുന്നത്. ഇന്നലെ രാത്രി 12.40 നു തന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

നാളെ പുലര്‍ച്ചെ വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വക്കുകയും ഇതു വഴി പോകേണ്ട 24 ദീര്‍ഘ ദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടുകയും ചെയ്തു. ചിലത് റദ്ദാക്കിയിട്ടുമുണ്ട്. എന്നാല്‍ പഴയമേല്‍പ്പാലം പൊളിച്ചു നീക്കുന്നത് പുതിയ മേല്‍പ്പാലം വഴിയുള്ള ഗതാഗതത്തെ ബാധിക്കില്ല.

റദ്ദാക്കിയ ട്രെയിനുകള്‍
66307 എറണാകുളംകൊല്ലം മെമു
56300 കൊല്ലംആലപ്പുഴ പാസഞ്ചര്‍
56302 ആലപ്പുഴകൊല്ലം പാസഞ്ചര്‍
56380 കായംകുളംഎറണാകുളം പാസഞ്ചര്‍
56393 കോട്ടയം കൊല്ലം പാസഞ്ചര്‍
56394 കൊല്ലം കോട്ടയം പാസഞ്ചര്‍

കഴിഞ്ഞ മാസം ഏപ്രില്‍ 27 ന് സ്‌ഫോടക വസ്തു ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ ഉദ്യമം ഇപേക്ഷിച്ചിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം സാധിക്കാതെ വരികയായിരുന്നു.

അന്ന് മേല്‍പ്പാലം പൊളിക്കുന്നതിന്റെ ഭാഗമായി നാഗമ്പടം വഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. തലേദിവസം രാത്രിയോടെ കോണ്‍ക്രീറ്റ് ബീമുകളിലും മറ്റും സുഷിരങ്ങളുണ്ടാക്കി സ്‌ഫോടക വസ്തു നിറച്ചു സജ്ജമാക്കി പാലം മുഴുവന്‍ പ്ലാസ്റ്റിക് കൊണ്ടു മൂടിയിരുന്നു. എം സി റോഡിലുള്ള പാലത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളേയും മാറ്റുകയും വൈദ്യുതി വിതരണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം, പൊലീസ്, അഗ്‌നി ശമനസേന, നഗരസഭ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പൊളിക്കല്‍ നടപടികള്‍ നടത്താനിരുന്നതെങ്കിലും സാങ്കേതിക തകരാറു മൂലം ഉദ്യമം തടസപ്പെടുകയായിരുന്നു. പിന്നീട് തകരാറുകള്‍ മാറ്റിയെങ്കിലും ഉദ്യമം പൂര്‍ത്തിയാക്കാനായില്ല. അന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.