ഗര്‍ഭഛിദ്ര നിയമങ്ങള്‍; ജോര്‍ജിയയില്‍ സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഡിസ്നിയും നെറ്റ്ഫ്ളിക്സും

വാഷിങ്ടണ്‍: പുതിയ നിയന്ത്രിത ഗര്‍ഭചിദ്ര നിയമങ്ങള്‍ ജോര്‍ജിയയില്‍ കര്‍ശനമാക്കിയതിനാല്‍ സിനിമകളും ടെലിവിഷന്‍ പരിപാടികളും അവിടെ നിര്‍മ്മിക്കുന്നില്ലെന്ന് ലോകത്തിലെ ഏറ്റവും വലിയ വിനോദ കമ്പനികളായ ഡിസ്നിയും നെറ്റ്ഫ്ളിക്സും വാര്‍ണര്‍ മീഡിയയും അറിയിച്ചു. ജോര്‍ജിയയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമകള്‍ നിര്‍മ്മിക്കുക എന്നത് സാധ്യമല്ലെന്നും ഡിസ്നിക്ക് വേണ്ടി ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്കും അവിടെ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അവരുടെ അഭിപ്രായത്തേയും മാനിക്കേണ്ടതുണ്ടെന്നും ഡിസ്നി സിഇഒ ബോബ് ഐഗെര്‍ അറിയിച്ചു. ഹോളിവുഡ് തരംഗം ജോര്‍ജിയില്‍ നിന്നും പൂര്‍ണമായി പിന്‍മാറുന്നതിന്റെ സൂചനയാണ് ബോബ് ഐഗെറിന്റെ പ്രതികരണം എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഈ മാസം ആദ്യമാണ് ജോര്‍ജിയ ഗവര്‍ണര്‍ ബ്രിയാന്‍ കെംപ് ഗര്‍ഭഛിദ്രം നിരോധിക്കുവാനുള്ള ബില്ലില്‍ ഒപ്പ് വയ്ക്കുന്നത്. ഗര്‍ഭകാലത്തിന്റെ ആദ്യ ആറ് ആഴ്ചകള്‍ക്കുള്ളില്‍ കുട്ടിയുടെ ഹൃദയമിടിപ്പ് കേട്ടുതുടങ്ങിയാല്‍ ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്നാണ് നിയമം പറയുന്നത്. നിയമത്തിനെതിരെ പല നിര്‍മ്മാണ കമ്പനികളും പ്രശസ്തരായ സിനിമ താരങ്ങളും രംഗത്ത് വന്നു. ഒരുപാട് സ്ത്രീകള്‍ കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജോര്‍ജിയയില്‍ ഉണ്ടെന്നും ഇവരുടെ സ്വാതന്ത്രത്തെ ഹനിക്കുന്ന രീതിയിലുള്ളതാണ് പുതിയ നിയമമെന്നും നെറ്റ്ഫ്ളിക്സ് പറഞ്ഞു. ജോര്‍ജിയ കൂടാതെ മിസോറി, ലുസീനിയ, ഓഹിയോ, മിസിസിപ്പി എന്നിവിടങ്ങളിലും ഗര്‍ഭഛിദ്ര നിരോധന നിയമം കൊണ്ടുവന്നിട്ടുണ്ട്.