വ്യാപാര മുന്‍ഗണനാപ്പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് വാണിജ്യമന്ത്രാലയം. വാണിജ്യകാര്യങ്ങളില്‍ എപ്പോഴും ദേശീയ താത്പര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ജീവിത നിലവാരം ഉയര്‍ത്തണമെന്ന് ഇവിടത്തെ ജനങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കും അനുയോജ്യമായി ഒരു ധാരണയിലെത്തിച്ചേരാന്‍, അമേരിക്കയുടെ അഭ്യര്‍ഥന പ്രകാരം ഇന്ത്യ ഒരു പ്രമേയം മുന്നോട്ടുവെച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് അമേരിക്കയ്ക്ക് തള്ളുകയായിരുന്നു.
സാമ്പത്തികവികസനത്തിനായി വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍(ജി എസ് പി )നിന്ന് ഇന്ത്യയെ ജൂണ്‍ അഞ്ചോടെ ഒഴിവാക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. ജി പി എസില്‍നിന്ന് ഇന്ത്യയെ നീക്കം ചെയ്യുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു.യു എസ് ഉല്പന്നങ്ങള്ക്ക് ഇന്ത്യന്‍ വിപണിയില്‍ തുല്യവും നീതിയുക്തവുമായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ നീക്കം.
മേയ് 17ന് തുര്‍ക്കിയെയും വ്യാപാര മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. തുര്‍ക്കി വികസ്വര രാജ്യമല്ലെന്നും വികസിത രാജ്യമായി മാറിയെന്നും അതുകൊണ്ടു തന്നെ ജി പി എസ് സഹായം ആവശ്യമില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.