ബംഗാളികളെ അധിക്ഷേപിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളികളുടെ ഔന്നത്യം നഷ്ടപ്പെട്ടെന്നും അവരിപ്പോള്‍ തറതുടയ്ക്കുന്നവരും ബാര്‍ ഡാന്‍സറുമായി മാറിയെന്നും തഥാഗത് റോയ് പറയുന്നു. ഹിന്ദി ഭാഷ പഠിപ്പിക്കണമെന്ന് പുതിയ വിദ്യാഭ്യാസ പരിഷ്കരണ സമിതിയുടെ നിര്‍ദ്ദേശത്തിനെതിരെ ചില സംസ്ഥാനങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ബംഗാളുകാരനായ തഥാഗത് റോയ് പരാമര്‍ശവുമായി രംഗത്ത് വന്നത്.
ഹിന്ദിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് തഥാഗത് റോയ് പറയുന്നു. അസം, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ ഹിന്ദി സംസാരിക്കാത്തവരാണ്. എന്നാല്‍ അവരാരും ഹിന്ദിയെ എതിര്‍ക്കുന്നില്ല. വിദ്യാസാഗര്‍, വിവേകാനന്ദന്, രബീന്ദ്രനാഥ ടാഗോര്‍, നേതാജി തുടങ്ങിയ മഹാന്മാരുടെ മണ്ണാണ് ബംഗാള്‍ എന്നാണ് ഹിന്ദിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഹിന്ദിയോടുള്ള എതിര്‍പ്പും ഇവരും തമ്മിലുള്ള ബന്ധമെന്താണെന്നും തഥാഗത് റോയ് ചോദിക്കുന്നു.
ഈ അതികായരുടെ കാലം കഴിഞ്ഞുപോയെന്നും ബംഗാളികളുടെ അഭിമാനവും ഔന്നത്യവും നഷ്ടപ്പെട്ടെന്നും ആരാണ് ഇവര്‍ക്കൊന്ന് പറഞ്ഞുകൊടുക്കുക. ഹരിയാന മുതല്‍ കേരളം വരെ നോക്കു, ബംഗാളി യുവാക്കള്‍ വീടുകളുടെ തറതുടയ്ക്കുന്നവരായി മാറി, ബംഗാളി പെണ്‍കുട്ടികളാകട്ടെ മുംബൈയില്‍ ബാറുകളില്‍ ഡാന്‍സറായി മാറി. ഇതൊക്കെ മുമ്പ് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നും തഥാഗത് റോയ് പറഞ്ഞു.
നിരവധി പേര് തഥാഗത് റോയുടെ ട്വീറ്റിന് പിന്തുണച്ചും എതിര്‍ത്തും രംഗത്ത് വന്നിട്ടുണ്ട്. ബിജെപി മുന്‍ നേതാവുകൂടിയായ തഥാഗത് റോയ് ഇത്തരത്തില്‍ മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഹിന്ദിയുടെ പേരിലുള്ള പുതിയ പ്രസ്താവനയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.






