ചികിത്സ കിട്ടാതെ എച്ച് 1 എന്‍ 1 രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജിനും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കും എതിരെ കേസെടുത്തു. മരിച്ച തോമസിന്റെ മകള്‍ നല്‍കിയ പരാതിയിലാണ് കേസ്. ആശുപത്രികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനുമാണ് കേസെടുത്തിരിക്കുന്നത്. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും വീഴ്ച സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.
അതേ സമയം ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തില്‍ ആശുപത്രി അധികൃതര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ചികിത്സ കിട്ടാതെ മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗി ആബുലന്‍സിലുള്ള കാര്യം മെഡിക്കല്‍ കോളേജിലെ പിആര്‍ഒ ഡോക്ടര്‍മാരെ അറിയിക്കാത്തത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ പുറത്തിറങ്ങി പരിശോധിക്കാത്തത് അവര്‍ക്ക് കൃത്യമായി വിവരം കിട്ടാത്തതിനാലാണെന്നും സൂപ്രണ്ട് വിശദീകരിച്ചു.
എച്ച്‌വണ്‍ എന്‍വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കിയയച്ചുവെന്നാണ് ആക്ഷേപം. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെന്റിലേറ്റര്‍ ലഭ്യമായില്ല. അതേ സമയം വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നെന്നും ഡോക്ടര്‍ വന്നപ്പോഴേയ്ക്കും ആംബുലന്‍സ് വിട്ട് പോയിരുന്നെന്നുമുള്ള ആര്‍എംഒയുടെ വിശദീകരണം മരിച്ച ജേക്കബിന്റെ മകള്‍ റെനി നിഷേധിച്ചു. മണിക്കൂറുകളോളം രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സില്‍ പരക്കം പാഞ്ഞെങ്കിലും രക്ഷിക്കാനാവാത്ത സ്ഥിതിയാണ് ഉണ്ടായത്. ആദ്യം സംസാരിച്ചത് ഒരു നഴ്‌സ് ആയിരുന്നു. അവര്‍ ലെറ്റര്‍ വാങ്ങി ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ ലെറ്റര്‍ നോക്കിയ ശേഷം പനിയുടെ വിഭാഗം ഇവിടെയല്ല എന്ന് പറഞ്ഞുവെന്നും റെനി ആരോപിച്ചിരുന്നു.
രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് പിആര്‍ഒയെ അറിയിച്ചു, ആവശ്യ സംവിധാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ ബെഡില്ലെന്നായിരുന്നു പിആര്‍ഒയുടെ പ്രതികരണം. ഡോക്ടര്‍മാര്‍ വന്ന് നോക്കാന്‍ പോലും തയ്യാറായില്ലെന്നും ജേക്കബ് തോമസിന്റെ മകള്‍ ആരോപിച്ചു. മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍മാരും രോഗിയെ കാണാന്‍ തയ്യാറായില്ല. എമര്‍ജന്‍സിയിലും സമാന അനുഭവം ആയിരുന്നു. പിആര്‍ഒയുടെ സമീപനം ഉത്തരവാദപരമായി ആയിരുന്നില്ല. ഒരു ഡോക്ടറെ പോലും രോഗിയെ നോക്കാന്‍ അയയ്ക്കാന്‍ പോലും പിആര്‍ഒ തയ്യാറായില്ലെന്നും മകള്‍ ആരോപിക്കുന്നു. ഇവരുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കടുത്ത പനിയും ശ്വാസതടസവുമുളള അറുപത്തിരണ്ടുകാരനായ തോമസ് ജേക്കബിനെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. അതേ സമയം രോഗി മരിച്ച സംഭവത്തില്‍ കോട്ടയം കാരിത്താസ് ആശുപത്രിക്കെതിരേ ആക്രമണം. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആശുപത്രി അടിച്ചുതകര്‍ത്തു. ഇന്നു രാവിലെയാണു സംഭവം. പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു പ്രതിഷേധവുമായെത്തുകയായിരുന്നു. തുടര്‍ന്ന് ഉള്ളില്‍ക്കയറി ആശുപത്രിയുടെ ജനല്‍ച്ചില്ലുകളടക്കം അടിച്ചു തകര്‍ക്കുകയായിരുന്നു.








