
വന്‍ശക്തികളുമായി ഉണ്ടാക്കിയ ആണവകരാറില്‍ നിന്നും പൂര്‍ണമായി പിന്‍മാറുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍. ഈ മാസം 27 മുതല്‍ കരാര്‍ പ്രകാരം ഉള്ളതിനേക്കാള്‍ കൂടുതല്‍ യുറേനിയം സ്വരൂപിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ ആണവോര്‍ജ പദ്ധതി വക്താവ് അറിയിച്ചു. ഇറാന്‍ ആണവായുധം നിര്‍മിക്കാതിരിക്കുന്നതിനു പകരം അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2015 ലെ ആണവ കരാര്‍.
കരാര്‍ പ്രകാരം മുന്നൂറ് കിലോ യുറേനിയം സമ്പുഷ്ടീകരിക്കാനാണ് അനുമതി ഉള്ളത്. ഇത് കൂടുതല്‍ ആക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്‍മാറുകയും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇറാന്‍ പ്രതിസന്ധിയിലാവുന്നത്. തുടര്‍ന്ന് ഇറാന്‍ കരാറില്‍ നിന്നും പിന്‍മാറുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യുകെ എന്നിവരാണ് അമേരിക്കയെ കൂടാതെ കരാറിലുള്ള രാജ്യങ്ങള്‍.