കൊച്ചി: ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ തുടക്കം മുതലേ തന്നെ പുറത്തുവന്നിരുന്നു. ഇന്നലെ കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംവിധായകന്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.
എന്നാല്‍ എമ്പുരാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഈ പേരിനെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളും ഉയര്‍ന്നുവന്നു. ലൂസിഫറിലെ എമ്പുരാന്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഉഷ ഉതുപ്പായിരുന്നു ഗാനം ആലപിച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലൊന്നും ഈ പേരായിരിക്കും സിനിമയുടേതെന്ന് ആരാധകരും ചിന്തിച്ചിരുന്നില്ല. മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ച് നടന്ന പ്രഖ്യാപനത്തിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വിശദീകരിച്ചത്. കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത വാക്കാണ് അത്. തമ്പുരാന്‍ അല്ല എമ്പുരാന്‍. അത് ദൈവത്തിന്റെയും തമ്പുരാന്റെയും ഇടയിലുള്ള ഒരു എന്റിറ്റിയാണ്. മോര്‍ ദാന്‍ എ കിംഗ്, ലെസ്സ് ദാന്‍ എ ഗോഡ് ഇതായിരുന്നു പൃഥ്വിരാജിന്റെ വിശദീകരണം. അതായത് ദൈവത്തിന് കാര്യങ്ങള്‍ നടത്തുന്നയാളാണ് എമ്പുരാന്‍.
സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫര്‍ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ത്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു.
‘ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്റെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്’, പൃഥ്വിരാജ് പറഞ്ഞു.