ദൃശ്യം 2 ആമസോൺ പ്രെെമിൽ റിലീസ് ചെയ്യുന്നു; പുതുവർഷ പ്രഖ്യാപനം

Drishyam 2 teaser: Mohanlal refuses to let the cat out of the bag

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ‍ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം 2 വിന്റെ ടീസറും പുറത്തുവിട്ടു. 2021ല്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ആഗോള പ്രീമിയറില്‍ ദൃശ്യം 2 റിലീസ് ചെയ്യും. ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് ചിത്രം നേരിട്ടെത്തും. നടൻ മോഹൻലാലും ആമസോൺ പ്രൈം വിഡിയോയും ചേർന്നാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്‌. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മീന, സിദ്ദിഖ്‌, ആശ ശരത്‌, മുരളി ഗോപി, അന്‍സിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാര്‍, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി. നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 46 ദിവസം  കൊണ്ടായിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി 56 ദിവസം ആയിരുന്നു പ്ലാൻ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുമ്പേ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതായി സംവിധായകൻ ജീത്തു ജോസഫ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

content highlights: Drishyam 2 teaser: Mohanlal refuses to let the cat out of the bag