റാമിന്റെ കൂടെ ‘റാം’; ലൊക്കേഷൻ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുകയാണ്. റാമിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

ലോക പ്രശസ്തമായ റാം എന്ന വാഹന നിര്‍മ്മാതാക്കളുടെ 1500 ക്ളാസിക് പിക്കപ്പ് അപ്പ് വാഹനത്തിന് മുന്‍പില്‍ നിന്നുള്ള ചിത്രമാണ് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ചയില്‍ കൂടുതല്‍ ലണ്ടനില്‍ റാമിന്റെ ചിത്രീകരണമുണ്ട്. അതിനുശേഷം മടങ്ങിയെത്തുന്ന മോഹന്‍ലാലും ജീത്തു ജോസഫും സംഘവും ഏതാനും ദിവസങ്ങള്‍ക്കുശേഷം അടുത്ത ഷെഡ്യൂളിനായി മൊറോക്കയിലേക്ക് പോവും.

അവിടെ 40 ദിവസത്തെ ചിത്രീകരണമുണ്ട്. തിരിച്ചെത്തുന്ന സംഘം ചെറിയ ഇടവേളയ്ക്കുശേഷം ടുണീഷ്യയിലേക്ക് പുറപ്പെടും. അവിടെ അഞ്ചുദിവസത്തെ ചിത്രീകരണത്തോടെ പൂര്‍ത്തിയാവും. തൃഷ, ഇന്ദ്രജിത്, പ്രിയങ്ക നായര്‍, സംയുക്ത മേനോന്‍, ദുര്‍ഗകൃഷ്ണ ഉള്‍പ്പെടെ വന്‍താരനിര അണിനിരക്കുന്നുണ്ട്.