വാഹന പരിശോധനയ്ക്കിടെ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഉത്തര്‍പ്രദേശ് പൊലീസ്. ബദാവൂന്‍ ജില്ലയില്‍ വെച്ച് പകര്‍ത്തിയ വീഡിയോ ആണ് വിവാദമായിരിക്കുന്നത്. വാസിര്‍ഗഞ്ചിലെ ഭഗ്രേന്‍ പൊലീസ് ഔട്ട്പോസ്റ്റില്‍ വെച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. രാഹുല്‍ കുമാര്‍ സിസോദിയ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോണ്‍സ്റ്റബിളുമാര്‍ വാഹനം തടഞ്ഞ് നിര്‍ത്തുകയും യാത്രക്കാര്‍ക്കാര്‍ക്ക് നേരെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. കൂടാതെ വെടിവെച്ച് കൊന്നു കളയുമെന്നും ഉറക്കെ ആക്രോഷിക്കുന്നുണ്ട്. ‘കൈ പൊക്ക്. കാല് അകത്ത്. കൈ താഴ്ത്തിയാല്‍ വെടിവെച്ച് കളയും. പിന്നെ വെടി കൊണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആരാണ് നിന്റെ ഹെല്‍മറ്റ് ഇടുക? വെടിവെച്ച് കളയും,’ പൊലീസുകാരന്‍ ഉറക്കെ പറയുന്നു.
എന്നാല്‍ ഇത് സ്ഥിരം രീതിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്ത്രീകളെ പോലും പൊലീസ് ഇത്തരത്തിലാണ് ഭീഷണിപ്പെടുത്തുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. അതേസമയം തോക്ക് ചൂണ്ടി വാഹനം പരിശോധിക്കാറുണ്ടെന്ന് പൊലീസും സമ്മതിക്കുന്നു.
‘ഭദാവൂന്‍ വളരെ കുറ്റകൃത്യം ഏറിയ പ്രദേശമാണ്. ഏത് വാഹനത്തിലാണ് കുറ്റവാളി വരുന്നതെന്ന് പറയാന്‍ കഴിയാത്തത് കൊണ്ടാണ് എല്ലാ വാഹനത്തിന് നേരേയും തോക്ക് ചൂണ്ടുന്നത്. നമ്മള്‍ തയ്യാറായി ഇരിക്കണം,’ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.