ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി യു.എസ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കമുള്ളവരുടെ വരുമാന സ്രോതസ് ലക്ഷ്യമിട്ടാണ് യു.എസിന്റെ പുതിയ നടപടി. ഖാംനഇ, ഖാംനഇയുടെ ഒാഫീസ്, റെവല്യൂഷണറി ഗാർഡിനെ നിയന്ത്രിക്കുന്ന എട്ട് സൈനിക കമാൻഡർമാർ അടക്കമുള്ളവരുടെ വരുമാന സ്രോതസുകൾ കുറക്കുകയോ ഇല്ലാതാക്കുകയോ ആണ് യു.എസ് ലക്ഷ്യമിടുന്നത്. പുതിയ ഉപരോധ ഉത്തരവ് പ്രകാരം യു.എസ് നിയന്ത്രണമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഖാംനഇ അടക്കമുള്ളവർക്ക് ലഭിച്ചിരുന്ന വരുമാനം നിലക്കും. കൂടാതെ, തങ്ങളുടെ അടുപ്പക്കാരെ ഈ സ്ഥാപനങ്ങളിൽ നിയമിക്കാനും സാധിക്കില്ല.
അതേസമയം, നയതന്ത്ര തലത്തിലുള്ള പരിഹാരമല്ല മറിച്ച് യുദ്ധവെറിയാണ് അമേരിക്കയെ നയിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ഷരീഫ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഡ്രോൺ വെടിവെച്ചിട്ടയുടൻ ഇറാനെതിരെ സൈനിക നീക്കത്തിന് ഉത്തരവിട്ട ഡൊണാൾഡ് ട്രംപ് വൈകാതെ പിൻവാങ്ങിയെങ്കിലും കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ച് സാമ്പത്തിക ‘യുദ്ധം’ ശക്തമാക്കുകയായിരുന്നു.
2015ൽ ലോക വൻശക്തികൾ ഇറാനുമായി ഒപ്പുവെച്ച കരാറിൽ നിന്ന് ഒരു വർഷം മുമ്പ് ട്രംപ് പിൻവാങ്ങിയതോടെ തുടക്കമായ സംഘർഷം സ്ഫോടനാത്കമായി മാറിയത്. അതിനിടെ, ആണവ കരാറിൽ നിന്ന് പിന്മാറിയ ഇറാൻ സമ്പുഷ്ട യുറേനിയം ശേഖരം വർധിപ്പിക്കാനുള്ള നീക്കം വ്യാഴാഴ്ച പുനരാരംഭിക്കും. സമ്പുഷ്ട യുറേനിയത്തിന്റെ അളവ് ഉയർത്തുന്നതോടെ കരാറിൽ നിന്ന് പിന്മാറാൻ ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ നിർബന്ധിതമാകും.