മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് ഒരു വര്‍ഷം. അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം തികയുമ്പോഴും പ്രധാന പ്രതികള്‍ ഒളിവിലാണ്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രധാന പ്രതിയടക്കം രണ്ട് പ്രതികളെ പൊലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് കൊലക്കേസിന്റെ വിചാരണയ്ക്കും എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ തുടക്കമാകും.
2018 ജൂലൈ രണ്ടിനായിരുന്നു അഭിമന്യു മഹാരാജാസ് കോളജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ചത്. പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മഹാരാജാസ് കോളേജ് ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തിൽ എത്തിയത്. ജൂലൈ രണ്ടിന് പുലർച്ചെ 12.30 യോടെയാണ് സംഭവം നടന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ അക്രമം അഴിച്ചു വിടുകയും അതിൽ മൂന്ന് എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് കുത്തേൽക്കുകയും ചെയ്തു. കുത്തേറ്റ അഭിമനന്യു കൊല്ലപ്പെട്ടു. അർജുൻ എന്ന വിദ്യാർത്ഥിക്ക് വയറിൽ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാർത്ഥിക്കും പരുക്കേറ്റിരുന്നു. മറ്റ് വിദ്യാർത്ഥികളെ ആയുധങ്ങളുപയോഗിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്.
അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിന് നേതൃത്വം കൊടുത്തത് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ്. 10 ലക്ഷം രൂപയാണ് വിവാഹത്തിന് വേണ്ടി മാറ്റിവച്ചത്. വിവാഹത്തിന്റെ ചിലവ് കഴിഞ്ഞ് ഇതിൽ ബാക്കിവന്ന ഒന്നര ലക്ഷം രൂപ സഹോദരിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരിൽ ശേഷിച്ച മുഴുവൻ തുകയും ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. 23,75,000 രൂപയാണ് മാതാപിതാക്കളുടെ പേരിൽ നിക്ഷേപിച്ചത്.
വട്ടവടയ്ക്കടുത്തുള്ള കൊട്ടക്കാമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിനായി പുതിയ വീട് സിപിഎം നിർമിച്ച് നൽകിയിരുന്നു. വട്ടവടയിലെ അഭിമന്യുവിന്റെ നിലവിലുള്ള വീടിന് ഏതാനും അകലെയാണ് പുതിയ വീട് നിര്‍മിച്ചിട്ടുള്ളത്. പാര്‍ട്ടി നേരിട്ടുവാങ്ങിയ പത്തര സെന്റ് ഭൂമിയില്‍ 1226 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വീടിനും സ്ഥലത്തിനുമായി 40 ലക്ഷം രൂപയാണ് പാര്‍ട്ടി മുടക്കിയത്. ഫര്‍ണിര്‍ ഉള്‍പ്പടെയുള്ള എല്ലാ സാധനങ്ങളും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തന്നെ എത്തിച്ചിരുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 72 ലക്ഷത്തോളം രൂപയാണ് അഭിമന്യുവിന്റെ കുടുംബത്തിനായി പിരിച്ചെടുത്തത്.