നെടുങ്കണ്ടം കസ്റ്റഡി മരണം; ആരെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് സിപിഎം

രാജ് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് സിപിഎം. പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ് ആവശ്യം ഉന്നയിച്ചത്. കേസില്‍ ഇടുക്കി എസ്പിക്കുള്ള പങ്കും അന്വേഷിക്കണം. സംഭവവുമായി ബന്ധപ്പെട്ട് ആരെയും സംരക്ഷിക്കാനോ വെള്ളപൂശാനോ സിപിഎം ശ്രമിക്കില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.

നേരത്തെ, വൈദ്യുതി മന്ത്രി എം.എം.മണിയും എസ്പിയെ തള്ളി രംഗത്തെത്തിയിരുന്നു.സംഭവത്തില്‍ ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന മന്ത്രി മണിയുടെ വിമര്‍ശനവും ജയചന്ദ്രന്‍ ആവര്‍ത്തിച്ചു. അതിനിടെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ താഴെത്തട്ടിലുള്ള ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ അമര്‍ഷം മറനീക്കി പുറത്ത് വന്നു.കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാന പൊലീസ് മേധാവിയടക്കം പരാതി നല്‍കുമെന്നും സേനയിലെ ഒരു വിഭാഗം അറിയിച്ചതായാണ് വിവരം.

അതേസമയം രാജ് കുമാറിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും അതുകൊണ്ട് സമരത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറുകയാണെന്നും കുടുംബം അറിയിച്ചു.