വാഷിങ്ടണില്‍ വെള്ളപ്പൊക്കം രൂക്ഷം

ചിത്രം- എഎൻഐ

വാഷിങ്ടണ്‍: കനത്ത മഴയില്‍ യുഎസ് തലസ്ഥാനമായ വാഷിങ്ടണില്‍ വെള്ളപ്പൊക്കം. ഒരു മാസം കിട്ടേണ്ട മഴ ഒറ്റ ദിവസം കൊണ്ട് പെയ്തതോടെയാണ് വാഷിങ്ഡണ്‍ വെള്ളത്തിലാവുന്നത്. തിങ്കളാഴ്ച നാലിഞ്ച് വെള്ളമാണ് ഉയര്‍ന്നത്. ഇതോടെ വൈറ്റ് ഹൗസിലും വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ട്.

മഴ കനത്തതോടെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. അപകടം ഒഴിവാക്കാന്‍ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി.

പോട്ടോമാക് നദി കര കവിഞ്ഞതാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കനാല്‍ റോഡിനു സമീപം വാഹനങ്ങളുടെ മുകളില്‍ കയറിനിന്ന നിരവധി പേരെ രക്ഷിച്ചതായി ഡിസി ഫയര്‍ വക്താവ് വിറ്റോ മഗിയോളോ പറഞ്ഞു. ഇനിയും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.