ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപണം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്ത്തിവക്കുവാനുളള തീരുമാനം ഐ.എസ്.ആര്.ഒ അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മിഷന് ഡയറക്ടര്‍ അറിയിച്ചു.
ജൂലൈ 15ന് പുലര്‍ച്ച 2.51 നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ചാന്ദ്രയാന്‍-2 വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച രാവിലെ 6.51 ന് 20 മണിക്കൂര്‍ കൗണ്‍ഡൗണ്‍ ആരംഭിച്ചിരുന്നു. പ്രസിഡന്റ് രാംനാഥ് കോവിന്ദ് അടക്കമുള്ളവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ വിക്ഷേപണ വാഹിനിയായ ജി.എസ്.എല്‍.വി.യില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. ചന്ദ്രയാന്‍ പേടകത്തിന് സാങ്കേതിക പ്രശ്നങ്ങള്‍ ഒന്നുമില്ല.
ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുവാനുള്ള ലാന്‍ഡര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2. ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ചാന്ദ്രദൗത്യങ്ങളില് ഏറ്റവും ചെലവ് കുറഞ്ഞ ദൗത്യമാണ് ഇന്ത്യയുടേത്. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ആകെ ചിലവ്. 603 കോടി ചന്ദ്രയാന്‍ രണ്ടിന്റേയും 375 കോടി ജിഎസ്എല്‍വി വിക്ഷേപണ വാഹനത്തിന്റേയും ചിലവാണ്.