തിരുവനന്തപുരം: യൂണിവേഴിസിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് യൂണിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസുകള്‍. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തികനഗറിലെ വീട്ടില്‍ നിന്ന് കന്റോണ്‍മെന്റ് പോലീസ് പരീക്ഷയ്ക്ക് ഉത്തരം എഴുതേണ്ട അഡീഷണല്‍ ഷീറ്റുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഉദ്യോഗസ്ഥന്റെ സീലും പിടിച്ചെടുത്തത്. ഇന്നലെ ആറുമണിയോടെയായിരുന്നു റെയ്ഡ്.
റെയ്ഡ് വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ ശിവരഞ്ജിത്തിന്റെ വീട്ടുകാരും അയൽവാസികളും മാരകായുധങ്ങളുമായെത്തി അക്രമിക്കാൻ ശ്രമിച്ചു. പോലീസ് സഹായം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരെ പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പരാതി ഉണ്ട്.
പ്രതികള്‍ ക്ലാസ്സില്‍ കയറാറില്ലെന്നും കോപ്പിയടിച്ചാണ് പരീക്ഷകള്‍ ജയിക്കുന്നതെന്നുമുള്ള പരാതികള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെയ്ഡ്. കൂടാതെ മുഖ്യപ്രതിയായ ശിവരഞ്ജിത് പിഎസ്‌സി പോലീസ് നിയമനത്തിനുള്ള റാങ്കു പട്ടികയില്‍ ഒന്നാമതും രണ്ടാം പ്രതി നസീം 28ാം റാങ്കും കോളേജിലെ തന്നെ മറ്റൊരു എസ്എഫ്‌ഐ നേതാവ് പിപി പ്രണവ് രണ്ടാം റാങ്കും നേടിയത് സംശയം ഉണ്ടാക്കിയിരുന്നു. ഇവര്‍ തിരുവനന്തപുരത്തു തന്നെ പരീക്ഷ എഴുതിയത് എങ്ങനെയെന്ന് പിഎസ്‌സി പരിശോധിക്കും. ഹാള്‍ ടിക്കറ്റ് തിരുത്തിയാണോ ഇവര്‍ക്ക് ജില്ലയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചതെന്ന് അന്വേഷിക്കും.
വധശ്രമ കേസിലെ പ്രതികള്‍ പൊലീസ് നിയമന റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നു മുന്‍ ഡിജിപി ടി.പി.സെന്‍കുമാറും അഭിപ്രായപ്പെട്ടിരുന്നു.