പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണ; തീരുമാനം പുലര്‍ച്ചെ വരെ നീണ്ട ചര്‍ച്ചയില്‍

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ധാരണയിലായി. ആദ്യം ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പ്രസിഡന്റാകും. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ധാരണയായില്ലെങ്കിലും പുലര്‍ച്ചയോട് കൂടി കോണ്‍ഗ്രസിന്റെ തീരുമാനം ഇരുവരേയും അറിയിക്കുകയായിരുന്നു.

വൈകിട്ട് 6 മണിക്ക് തുടങ്ങിയ ചര്‍ച്ച പുലര്‍ച്ചെ 2.30ഒടെയാണ് അവസാനിച്ചത്. വൈകിട്ട് ആറ് മണി വരെ പി ജെ ജോസഫുമായി കൂടികാഴ്ച നടത്തിയ നേതാക്കള്‍ രാത്രി 11 മണിയോടെ ജോസ് കെ മാണിയുമായി കൂടികാഴ്ച നടത്തി. എന്നാല്‍ ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഉമ്മന്‍ ചാണ്ടിയാണ് പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഒരു വര്‍ഷവും മൂന്നുമാസവുമാണ് ജില്ലാ പ്രസിഡന്റിന്റെ കാലാവധി.