പാക്കിസ്ഥാന് എഫ്-16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി യുഎസ്

വാഷിങ്ടണ്‍: എഫ്-16 വിമാനങ്ങള്‍ പാക്കിസ്ഥാന് വില്‍ക്കാന്‍ യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ തീരുമാനം. 125 ദശലക്ഷം ഡോളറിന്റെ യുദ്ധവിമാന കരാറിനാണ് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നത്.

2018 ജനുവരി മുതല്‍ പാക്കിസ്ഥാന് സുരക്ഷാ സഹായം നല്‍കുന്നത് യുഎസ് നിര്‍ത്തിവച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കാതെ കരാര്‍ സാധ്യമാകില്ലെന്ന് യുഎസ് അധികൃതര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആഴ്ചയില്‍ തന്നെ ഡോണാള്‍ഡ് ട്രംപ് നേരത്തെയുണ്ടായിരുന്ന നിരോധനം നീക്കിയേക്കും. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ എഫ്-16 വിമാനങ്ങളെ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്നു. ഫ്രാന്‍സുമായി ഇന്ത്യ റഫേല്‍ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് അമേരിക്കയില്‍ നിന്ന് കൂടുതല്‍ എഫ്-16 വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വാങ്ങുന്നത്.