By Sreeja OK
മറഞ്ഞിരിക്കുന്ന പ്രതിഭകളുടെ സര്‍ഗാത്മകതയുടെ പ്രദര്‍ശന വേദിയാവുകയാണ് ‘ദി ഹിഡണ്‍ ടേല്‍സ് അണ്‍വെയ്ലിങ് സീസണ്‍2’. ഈ കഴിഞ്ഞ ജൂലായ് 24 ന് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച പ്രദര്‍ശനത്തിലൂടെ ഒട്ടേറ കലാകാരന്മാരുടെ സൃഷ്ടികളാണ് അവതരിപ്പിക്കപ്പെട്ടത്.
എഴുത്തുകാരും, ചിത്രകലാകാരന്മാരും. ഫോട്ടോഗ്രാഫര്‍മാരും അടങ്ങുന്ന കലയില്‍ താല്‍പര്യമുള്ള ഒരു പറ്റം കലാകാരന്മാര്‍ തുടങ്ങിയ ഒരു കൂട്ടായ്മയാണ് ഹിഡണ്‍ ടേല്‍സ്. കൂട്ടായ്മയിലുള്ള കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് വേദി ഒരുക്കുക എന്നതാണ് ഹിഡൺ ടെയിൽസിൻറെ ലക്ഷ്യം. 15 ഫോട്ടോഗ്രഫര്‍ന്മാര്‍ 2016ല്‍ ആരംഭിച്ച കൂട്ടായ്മ ഇന്ന് കേരളത്തിനകത്തും പുറത്തുമായി 300-ഓളം പേരിലേക്ക് വളര്‍ന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയാണ് ഇവരുടെ പ്രധാന പ്രചാരണ മാര്‍ഗ്ഗം. ഇതിനായി ഇന്‍സ്റ്റാഗ്രാമില്‍ ദി ഹിഡണ്‍ ടേല്‍സ് എന്ന പേരില്‍ ഒരു ഹാന്‍ഡിലും ഇവര്‍ക്കുണ്ട്.
ഹിഡണ്‍ ടേല്‍സ് അണ്‍വെയ്ലിങിന്റെ രണ്ടാമത്തെ പരമ്പരയാണ് ഇപ്പോള്‍ നടക്കുന്നത്. കൊച്ചിയില്‍ തന്നെ ആദ്യ പ്രദര്‍ശനം നടത്തിയത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആയിരുന്നു. ഫോട്ടോകള്‍, എഴുത്തുകള്‍, പെയ്ന്റിങുകള്‍, പോര്‍ട്രേറ്റ് എന്നിവയാണ് ദി ഹിഡണ്‍ ടേല്‍സ് അണ്‍വെയ്ലിങ് സീസണ്‍2വില്‍ പ്രധാനമായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പ്രദര്‍ശനത്തിന്റെ ഭാഗമായി ചര്‍ച്ചകളും മാജിക് ഷോയും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 31 വരെയാണ് ഹിഡണ്‍ ടേല്‍സിന്റെ പ്രദര്‍ശനം. കാണാനെത്തുന്നവരിൽ പലരുടേയും ലൈവ് പോര്‍ട്രേറ്റുകള്‍ കലാകാരന്മാര്‍ ചെയ്തു നല്‍കുന്നുമുണ്ട്.
രശ്മി രാഘവന്‍ എന്ന ചിത്രകാരിയുടെ ദി ലോട്ടസ് ഹണ്ടര്‍ എന്ന എറെ പ്രശംസിക്കപ്പെട്ട ഓയില്‍ ഫിംഗര്‍ പെയ്ന്റിങ് കഴിഞ്ഞ ദിവസം ഒരു ലണ്ടന്‍ സ്വദേശി വാങ്ങിയിരുന്നു.
ലക്ഷ്മണ്‍, പാര്‍വ്വതി മധു, ആഷില്‍ തുടങ്ങി നിരവധി യുവ കലാകാരന്മാരാണ് ഹിഡണ്‍ ടേല്‍സിന്റെ പുറകിലുള്ളത്. അടുത്ത വര്‍ഷം ദി ഹിഡണ്‍ ടേല്‍സ് അണ്‍വെയ്ലിങ് സീസണിന്റെ മൂന്നാം പതിപ്പ് നടത്തുമെന്നും സംഘാടകര്‍ പറയുന്നു.
ഇതുവരെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, എറണാകുളം ജില്ലകളിലായി നിരവധി പ്രദര്‍ശനങ്ങള്‍ ഇവര്‍ നടത്തിക്കഴിഞ്ഞു. കേരളത്തിനു പുറമെ ചെന്നൈയിലും പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് തങ്ങളുടെ സൃഷ്ടികളെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്
ഈ കലാകാരന്മാർ.
ഹനീൻറെ പോർട്രേറ്റുമായി ഐശ്വര്യ
കൂടുതൽ ചിത്രങ്ങൾ