ടിക് ടോക്; സര്‍ഗാത്മഗതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും നിശ്ശബ്ദ വിപ്ലവവും

സൗന്ദര്യവും താരപദവിയും കൊടികുത്തി വാണ ഒരു കാലഘട്ടമുണ്ടായിരുന്നു സിനിമയില്‍. അത്തരത്തില്‍ മാത്രം അഭിനയം നിലനിന്നിരുന്ന അവസ്ഥയില്‍ നിന്നും ഓഡിഷനും തെരഞ്ഞെടുക്കലും ഒന്നുമില്ലാതെ ഒരു വ്യക്തിയുടെ കഴിവ് അവന്/ അവള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒരു മികച്ച പ്ലാറ്റ് ഫോം ആയി 2016ല്‍ ഒരു ആപ്പ് വന്നു. അതാണ് ടിക് ടോക്. ഒന്നിനും കൊള്ളാത്തവര്‍ എന്ന ഒന്നില്ലെന്നും പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്നും നിറത്തിലും ഭംഗിയിലും ഒരു കാര്യവുമില്ലെന്നും ആളുകള്‍ക്ക് കാണിച്ചു കൊടുത്തത് ഈ ആപ്പായിരുന്നു. ആളുകള്‍ക്കിഷ്ടപ്പെടാന്‍ പുത്തന്‍ ഉടുപ്പിട്ട് സ്റ്റാന്‍ഡേഡ് ലുക്കില്‍ മാസ്സ് ഡയലോഗിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു കൊടുത്തതും ടിക് ടോക് തന്നെയായിരുന്നു.

ബെയിജിങ് കേന്ദ്രീകരിച്ചുള്ള ബൈറ്റ്ഡാന്‍സ് കോ. ഉടമസ്ഥതയില്‍ വന്ന ആപ്പാണ് ടിക് ടോക്. 2019 ഫെബ്രുവരിയോടെ വന്ന കണക്കുകള്‍ പ്രകാരം 10 കോടിയിലധികം ആളുകളാണ് ടിക് ടോക് ഉപയോഗിക്കുന്നത്. 2018ല്‍ ഏറ്റവുമധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത നാലാമത്തെ ആപ്പെന്ന പ്രത്യേകതയും ടിക്-ടോക്കിനു തന്നെയാണ്. 15 സെക്കന്റുകള്‍ മുതല്‍ ഒരു മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം വരുന്ന സിനിമയിലെ പാട്ടുകളോ സംഭാഷണ ശകലങ്ങളോ അനുകരിച്ച് സ്മാര്‍ട്ട് ഫോണുകളിലൂടെയും മറ്റും പങ്കുവയ്ക്കാനുള്ള അവസരമാണ് ടിക് ടോക് ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്. ഇപ്രകാരം വ്യത്യസ്തങ്ങളായ വീഡിയോകള്‍ നിര്‍മിക്കുന്നതിനും പങ്കുവക്കുന്നതിനും കഴിയുന്ന ടിക്-ടോക്കില്‍ ഇന്ത്യയില്‍ മാത്രം 54 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഉള്ളത്.

ഏറ്റവും പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നു തന്നെ ഇതില്‍ വീഡിയോ ചെയ്യാം എന്നതു തന്നെയാണ് ടിക് ടോകിനെ ആളുകളിലേക്ക് എത്തിച്ചത്. സ്വന്തം സര്‍ഗാത്മകതയെ പുറത്തു കാണിക്കാനും മറ്റുള്ളവരുടെ പ്രശംസ നേടുന്നതിനും അതുവഴി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിച്ചതിലൂടെ എണ്ണമറ്റ കാലാകാരന്മാരെ ജനിപ്പിച്ച വേദിയാണ് ടിക് ടോക്. സിനിമയെന്ന മോഹവുമായി നടക്കുന്ന ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാര്‍ക്കും എന്തിനു വേറെ മുതിര്‍ന്നവരുടെ പോലും സിനിമയിലേക്കുള്ള അവസാന കച്ചിത്തുരിമ്പാണ് ഇന്ന് ടിക് ടോക്. ടിക് ടോകിലൂടെ സിനിമയില്‍ എത്തിയ സിയാദ് ഷാജഹാനും പേരക്കുട്ടിയോടൊപ്പം വീഡിയോകള്‍ ചെയ്ത് വൈറലായ 85 വയസ്സുകാരിയായ മേരി ജോസഫ് എന്ന അമ്മാമ്മയും ഇന്ന് പലര്‍ക്കും പ്രചോദനമാണ്.

സര്‍ഗാത്മകത വളര്‍ത്തുന്നതോടൊപ്പം പലരും നേരിടുന്ന നാണം എന്ന അപകര്‍ഷതാബോധത്തെ ടിക് ടോക് പലപ്പോഴും ഇല്ലാതാക്കുന്നുണ്ട്. അതു തന്നെയാണ് ഇത്തരം ആപ്പുകളെ വ്യത്യസ്തമാക്കുന്നതും. എടുത്തു പറയേണ്ട മറ്റൊന്നാണ് ടിക് ടോക് സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാക്കിയ മുന്നേറ്റങ്ങള്‍. തട്ടമിടണമെന്നും വീടിനു പുറത്ത് പരിധിയില്‍ കൂടുതല്‍ ആളുകളുമായി ഇടപെടരുതെന്നും ശാസിക്കപ്പെട്ടിടത്തു നിന്നും ധൈര്യപൂര്‍വം ആളുകളിലേക്ക് എത്തിപ്പെടാന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സാധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ കളിയാക്കിയാലും തളര്‍ത്തിയാലും അതില്‍ ഇല്ലാതായിപ്പോവുന്നവരല്ല ഇന്ന് പല പെണ്‍കുട്ടികളും.

മൊബൈല്‍ ഫോണുകള്‍ വന്നതോടെ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീണെന്ന രീതിയിലുള്ള ആരോപണങ്ങള്‍ വലുതാണ്. എന്നാല്‍ ടിക് ടോക് എന്നത് കുടുംബങ്ങളെ ഒന്നാക്കുന്നുണ്ടെന്നതാണ് സത്യം. കുടുംബവുമൊന്നിച്ച് വീഡിയോ ചെയ്യുന്നതും അച്ഛന്‍ മക്കളുടെ വീഡിയോ എടുത്തു കൊടുക്കുന്നതും ഇന്ന് ടിക് ടോകിലെ സ്ഥിരം കാഴ്ചയാണ്.

യുവത്വത്തെ നശിപ്പിക്കുന്നു, ഇത് അവരുടെ ഭാവിയെ ബാധിച്ചേക്കാം തുടങ്ങിയ പരാതികള്‍ ടിക് ടോകിനെതിരായി ഉയര്‍ന്നിട്ടുള്ളതാണ്. അതിനാല്‍ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന തീരുമാനം ഉണ്ടാവുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.
ടിക് ടോകിനെതിരായ ഇത്തരമൊരു നീക്കം യുക്തിപരമാണോ എന്ന ചോദ്യം ഉയരുന്നത് പ്രസക്തമാണ്. അശ്ലീലത, സംസ്‌കാരത്തെ നശിപ്പിക്കല്‍, ആത്മഹത്യകള്‍, കുട്ടികളെ ദുരുപയോഗം ചെയ്യല്‍, കുട്ടികളില്‍ അലസത എന്നിവയെ ജനിപ്പിക്കുന്നു എന്നാരോപിച്ചുള്ള എതിര്‍പ്പുകള്‍ വന്നെങ്കിലും ആപ്പ് നിരോധനം കുട്ടികളുടെസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്ന അഭിപ്രായങ്ങളും കൂടെ ഉയര്‍ന്നിരുന്നു. കേരള സമൂഹത്തില്‍ ടിക് ടോക് ഉണ്ടാക്കിയ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നു തന്നെയാണ്.