അസ്ഥിയിലെ മുഴ കരിക്കുന്നതിന് നൂതന സംവിധാനവുമായി കോട്ടയം മെഡിക്കല്‍ കോളേജ്; ആദ്യ ദൗത്യം വിജയകരം

കോട്ടയം മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം

കോട്ടയം: അസ്ഥിയിലെ മുഴ കരിച്ചു കളയുന്ന ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജ്. അസ്ഥിരോഗ ചികിത്സ റേഡിയോ ഡയഗ്നോസിസ്, അനസ്തീഷ്യ എന്നീ വിഭാഗങ്ങള്‍ ചേര്‍ന്നാണ് കുറിച്ചി സ്വദേശികളായ സുഭാഷ്- ഉദയമ്മ ദമ്പതിമാരുടെ മകളായ അപര്‍ണയുടെ ചികിത്സ നടത്തിയത്. ചികിത്സ കഴിഞ്ഞ് മൂന്നു ദിവസത്തിനകം പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അപര്‍ണ ആശുപത്രി വിടുകയും ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂന്നു മാസം മുമ്പ് തുടങ്ങിയ കാലുവേദനയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ. നിഷാരാ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥിയില്‍ മുഴ ഉള്ളതായി കണ്ടെത്തിയത്. പിന്നീട് അസ്ഥിരോഗ ചികിത്സാ വിഭാഗം മേധാവി ഡോ. എംഎ തോമസിന്റെ നിര്‍ദേശപ്രകാരം ആര്‍എഫ്എ എന്ന അത്യാധുനിക യന്ത്രമുപയോഗിച്ച് ചികിത്സ നടത്തുകയുമായിരുന്നു. റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവി ഡോ.ജയശ്രീ, ഡോ. പ്രവീണ്‍, ഡോ. സജിത, ഡോ. ഹരി, അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോ. മുരളി, ഡോ. സ്മൃതി, ഡോ.അനന്തു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

നേരത്തെ ഉണ്ടായിരുന്ന എല്ലു തുറന്നുള്ള ചികിത്സില്‍ നിന്നും വ്യത്യസ്തമായി ചെറിയ സൂചി ഉപയോഗിച്ച് രോഗം ബാധിച്ച ഭാഗം കരിച്ചുകളയുകയാണ് പുതിയ രീതി. സ്വകാര്യ ആശുപത്രികളില്‍ ഒന്നര ലക്ഷത്തോളം ചിലവു വരുന്ന ചികിത്സത്ത് മെഡിക്കല്‍ കോളേജില്‍ സൂചിയുടെ തുകയായ 50,000 രൂപയാണ്. അത് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് സൗജന്യമാണെന്നും അധികൃതര്‍ പറഞ്ഞു.

നിലവില്‍ യന്ത്രമുപയോഗിച്ചുള്ള ചികിത്സ സര്‍ക്കാര്‍ തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഉള്ളത്.