ഗുജറാത്ത്: ഹോമിയോപ്പതി ഡോക്ടര്‍ അലോപ്പതി ചികിത്സ നടത്തി 13 കാരന്റെ കൈപ്പത്തി നഷ്ടപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഗുജറാത്തിലാണ് അതിഗുരുതരമായ സംഭവം. പനിബാധിച്ച് സമീപത്തുള്ള ഹോമിയോ ഡിസ്പെന്സറിയില് ചികിത്സ തേടി എത്തിയതായിരുന്നു ആറാം ക്ലാസുകാരന്.
സിരകളില്‍ കുത്തി വയ്ക്കേണ്ടിയിരുന്ന ഇന്ട്രവെനസ് പാരസെറ്റാമോള്‍ ഇഞ്ചക്ഷന്, ബ്രാച്ചിയല്‍ ആര്ട്ടറിയിലേക്കാണ് ഡോക്ടര്‍ കുത്തിവെച്ചത്.
ഇതിനെതുടര്‍ന്ന് ‘ഗ്യാംഗ്ഗ്രീനോ അക്യൂട്ട് ഇസ്കെമിയയോ’ എന്ന കോശങ്ങള്‍ ദ്രവിക്കുന്ന അവസ്ഥ കുട്ടിയെ ബാധിച്ചു. ആവശ്യമായ രക്തയോട്ടം നടക്കാതെ വരുമ്പോഴാണ് ‘ഗ്യാംഗ്ഗ്രീനോ അക്യൂട്ട് ഇസ്കെമിയയോ’ ബാധിക്കുന്നത്. ഇത്തരം കേസുകളില്‍ ശരീര ഭാരം മുറിച്ച് മാറ്റുക എന്നത് മാത്രമാണ് പരിഹാരം. തോളിലെ ബ്രാച്ചിയല്‍ ധമനിയില്‍ കുത്തിവെച്ചതിനാല്‍ കുട്ടിയുടെ കൈപ്പത്തി പൂര്‍ണമായും മുറിച്ച് മാറ്റേണ്ടി വരും. പ്രീത് ഹതി എന്ന ഡോക്ടറാണ് ട്വിറ്ററിലൂടെ സംഭവം പുറത്ത് വിട്ടത്.
ആരോഗ്യ ശാസ്ത്ര നൈതികത പ്രകാരം എംബിബിഎസ് പാസായ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രമെ നഴ്സിന് കുത്തിവയ്പ്പ് നല്കാന് അവകാശമുള്ളു. പക്ഷെ ഇത് പലയിടങ്ങളിലും നടക്കുന്നില്ല എന്നും വളരെ ചുരുക്കം ചില അറിവുകൊണ്ട് മാത്രം രോഗികളെ ചികിത്സിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നും പ്രീത് ഹതി ട്വിറ്ററില്‍ കുറിച്ചു.