മോഹനൻ നായർ ഉൾപ്പെട്ട ജനകീയ കോടതിയുടെ രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യാൻ കോടതിയുടെ അനുമതി. എറണാകുളം മുൻസിഫ് കോടതിയാണ് മോഹനൻ നായരുടെ ഹർജി തള്ളി പരിപാടിയുടെ സംപ്രേക്ഷണത്തിന് അനുമതി നൽകിയത്.
ചാനൽ പരിപാടിക്കിടെ സ്വബോധം നശിപ്പിച്ച് തെറ്റായ വിവരങ്ങൾ ചോർത്തിയതായി ആരോപിച്ച് ഓച്ചിറ സ്വദേശി ആയ മോഹൻ വൈദ്യർ എന്നറിയപ്പെടുന്ന മോഹനൻ നായർ പ്രമുഖ ചാനലായ 24 ന്യൂസിനെതിരെ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പരിപാടിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്യുന്നതിന് കോടതി സ്റ്റേ നൽകി. എന്നാൽ മോഹനൻ നായരുടെ ഹർജി തള്ളി കൊണ്ട് പരിപാടി സംപ്രേഷണം ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.
ജനകീയ കോടതിയുടെ ആദ്യ എപ്പിസോഡിൽ പരിപാടിക്കിടെ ചാനൽ പ്രവർത്തകർ കുടിവെളളം എന്ന പേരിൽ എന്തൊ നൽകിയെന്നും അതോടെ സ്വബോധം നശിച്ച് മത്ത് പിടിച്ചതു പോലെ അനുഭവപ്പെട്ടെന്നും അതുകൊണ്ടു പരിപാടിയിലെ അഭിപ്രായങ്ങളെ കാര്യമാക്കേണ്ടതില്ല എന്നും മോഹനൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു.
എന്നാൽ ആഗസ്റ്റ് നാലിന് ആദ്യ ഭാഗം ചാനൽ സംപ്രേക്ഷണം ചെയ്തു. തുടർന്നാണ് മോഹനൻ നായർ കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്നുണ്ടായ ഇടക്കാല ഉത്തരവിലൂടെയാണ് പരിപാടിയുടെ സംപ്രേക്ഷണം താൽക്കാലികമായി നിർത്തിവെയ്ക്കപ്പെട്ടത്.