ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ യു.എന്‍. ജനറല്‍ അസംബ്ലിയിൽ വച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സാണ് പുരസ്കാരം സമ്മാനിച്ചത്. മോദി സർക്കാർ ആരംഭിച്ച ‘സ്വച്ഛ് ഭാരത് പദ്ധതി’ വിജയകരമായി നടപ്പിലാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ൽ ആദ്യമായി തുടങ്ങിവച്ച പദ്ധതികളിലൊന്നാണ് സ്വച്ഛ് ഭാരത് അഭിയാൻ അഥവ ക്ലീൻ ഇന്ത്യാ . ‘ഈ അംഗീകാരം എനിക്കുമാത്രമുള്ളതല്ലെന്നും, സ്വച്ഛ് ഭാരത് അഭിയാൻ എന്ന സ്വപ്നം നടപ്പിലാക്കാന്‍ എന്റെ ഒപ്പം പ്രവര്‍ത്തിച്ച കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കുള്ളതാണെന്നും” പുരസ്കാര ദാനചടങ്ങിൽ നരേന്ദ്രമോദി പറഞ്ഞു.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തില് ഈ പുരസ്കാരം ലഭിക്കാൻ ഇടയായത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ‘പൂർണ്ണമായും വൃത്തിയായിരിക്കുമ്പോൾ മാത്രമേ ഒരു ഗ്രാമം മാതൃകയാകൂ’ എന്ന് ഗാന്ധിജി പറഞ്ഞിരുന്ന കാര്യമാണ്. ഇന്ന് നമ്മൾ രാജ്യം മുഴുവൻ ഒരു മാതൃകയാക്കുന്നതിലേക്കാണ് നീങ്ങുന്നത്. ഈ കാമ്പയിൻ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്തുക മാത്രമല്ല, യുഎൻ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു ” മോദി പ്രസംഗത്തിൽ പറഞ്ഞു. മോദി സർക്കാർ 2014 ഒക്ടോബർ 2 ന് ആരംഭിച്ച ശുചിത്വ കാമ്പയിൻ ആണ് സ്വച്ഛ് ഭാരത്.