ജമ്മുകശ്മീരിൽ ഗ്രനേഡാക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു

അനന്ത്നാഗില്‍ ഇന്നു രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്

ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അനന്ത്നാഗില്‍ ഇന്നു രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു. പ്രദേശവാസികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. 

കശ്മീരിലെ നടപടികള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം സൗദി അറേബ്യ സന്ദര്‍ശിക്കും. ഇതിനിടെ പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കരുതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തു. പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കുന്നതിനെ ഇസ്ലാമിക ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കുന്നെന്നാണ് ഇമ്രാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെ ഇന്ത്യ ജമ്മുകശ്മീരിലെ നടപടികള്‍ക്ക് മറയാക്കുമെന്നും ഇമ്രാന്‍ ട്വീറ്റില്‍ പറയുന്നു. 

ജമ്മുകശ്മീരില്‍ പാക് സേനയുടെ പിന്തുണയോടെ എല്ലാ ദിവസവും ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിന്‍റെ തെളിവ് ഇന്ത്യ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാക് അധീന കശ്മീരിലുള്ളവര്‍ നിയന്ത്രണരേഖ കടക്കരുത് എന്ന് ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാക് കേന്ദ്രീകൃത ഭീകരവാദത്തിലേക്ക് ഇന്ത്യ ലോകശ്രദ്ധ തിരിക്കുമ്പോഴാണ് ട്വീറ്റിലൂടെയുള്ള ഈ മുന്‍കൂര്‍ ജാമ്യം.

അതേസമയം, ജമ്മുകശ്മീര്‍ വിഷയത്തെ രാജ്യാന്തര തലത്തില്‍ പാകിസ്ഥാന്‍ വന്‍ ചര്‍ച്ചയാക്കുമ്പോൾ സൗദി അറേബ്യയെ ഒപ്പം നിറുത്താന്‍ ഇന്ത്യ നീക്കം തുടങ്ങി. ഈ മാസം 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയില്‍ എത്തുമെന്നാണ് റിപ്പോർട്ട്. കിരീടാവകാശി മെഹാമ്മദ് ബിന്‍ സല്‍മാനുമായി മോദി നടത്തുന്ന ചര്‍ച്ചയില്‍ കശ്മീരിലെ നടപടികള്‍ വിശദീകരിക്കും. അടുത്തയാഴ്ച മഹാബലിപുരത്ത് നടക്കുന്ന നരേന്ദ്ര മോദി ഷി ജിന്‍പിങ്ങ് അനൗപചാരിക കൂടിക്കാഴ്ചയിലും കശ്മീര്‍ ചര്‍ച്ചയാവും. പാക് അനുകൂല നിലപാട് ചൈന ഉപേക്ഷിക്കും എന്ന പ്രതീക്ഷ ഇന്ത്യക്കില്ല. എങ്കിലും, അന്താരാഷ്ട്ര വേദികളിലെ കടുത്ത നീക്കങ്ങളില്‍ നിന്ന് ചൈനയെ പിന്തിരിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

Content Highlights: Five injured in Kashmir grenade attack.