വിദേശ പ്രതിനിധികള്‍ ഇന്ന് ജമ്മു കശ്മീരില്‍; സന്ദര്‍ശിക്കുന്നത് യുഎസ് ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

envoys from 16 nations

കശ്മീരിന് സവിശേഷമായ അധികാരം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ കേന്ദ്രം എടുത്തുകളഞ്ഞതിനു ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യുഎസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ 17 അംഗ പ്രതിനിധി സംഘം ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു ജമ്മു കശ്മീരിലെത്തും.

യുഎസ്, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍, ഗയാന, ബ്രസീല്‍, നൈജീരിയ, നൈജര്‍, അര്‍ജന്റീന, ഫിലിപ്പൈന്‍സ്, നോര്‍വേ, മൊറോക്കോ, മാലദ്വീപ്, ഫിജി, ടോഗോ, ബംഗ്ലാദേശ്, പെറു എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സന്ദര്‍ശക സംഘത്തിലുള്ളത്. അതേസമയം, ‘നിയന്ത്രിത സന്ദര്‍ശന’ത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച്‌ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള രാജ്യങ്ങളിലെ പ്രതിനിധികള്‍ സന്ദര്‍ശനം ബഹിഷ്‌ക്കരിച്ചു.

കേന്ദ്ര സർക്കാരാണ് സ്ഥിതി ഗതികൾ വിലയിരുത്താൻ വിദേശ പ്രതിനിധി സംഘത്തെ വ്യാഴാഴ്ച അയക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ മാർഗ നിർദേശ പ്രകാരമുള്ള സന്ദർശനത്തിൽ താൽപര്യമില്ലെന്ന് യൂറോപ്പിലെ നയതന്ത്ര പ്രതിനിധികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിനിധികളെ ആദ്യം ശ്രീനഗറിലേക്കും പിന്നീട് ജമ്മുവിലേക്കും ആണ് കൊണ്ടുപോവുന്നത്.

ലെഫ്റ്റനൻ്റ് ഗവര്‍ണര്‍ മര്‍മുവുമായും മറ്റു ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. അതിനു ശേഷം ശ്രീനഗറില്‍ അവരെ ബദാമി ബാഗിലേക്ക് കൊണ്ടുപോകും. അവിടെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച്‌ സൈന്യം വിശദീകരിക്കും. തുടര്‍ന്ന് കശ്മീര്‍ ആസ്ഥാനമായുള്ള മാധ്യമ പ്രവര്‍ത്തകർ, സമൂഹ്യ പ്രവർത്തകർ എന്നിവരോടും സംഘം ചര്‍ച്ച നടത്തും.

Content Highlights: envoys from 16 nations to visit Kashmir today