ആലപ്പുഴ – എറണാകുളം ട്രെയിന്‍ റൂട്ടില്‍ യാത്രക്കാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു

യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ – എറണാകുളം ട്രയിന്‍ റൂട്ടില്‍ ട്രയിന്‍ യാത്രക്കാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. ആലപ്പുഴ – എറണാകുളം മെമുവില്‍ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാരാണ് എല്ലാ സ്‌റ്റേഷനുകളിലും കറുത്ത ബാഡ്ജും, ബാനറും ധരിച്ച് പ്രതിക്ഷേധിക്കുക. 16 ബോഗികളുമായി രാവിലെ ആലപ്പുഴയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പൊയിക്കൊണ്ടിരുന്ന 66134 പാസഞ്ചര്‍ നിര്‍ത്തലാക്കി പകരം 11 കോച്ചുകള്‍ ഉള്ള മെമു ആണിപ്പോള്‍ അതേ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്.
16 കൊച്ചുണ്ടായിരുന്ന പാസഞ്ചറില്‍ യാത്ര ചെയ്തിരുന്ന 3000 ലേറെ യാത്രക്കാര്‍ക്കാണ് 11 കൊച്ചുള്ള മെമുവിൽ ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യേണ്ടി വരുന്നത്. ഇതില്‍ പ്രതിക്ഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന റൂട്ടാണ് ആലപ്പുഴ – എറണാകുളം ട്രയിന്‍ റൂട്ട്. യാത്രക്കാരുടെ ബാഹുല്യം കാരണം ഏറ്റവും കൂടുതൽ യാത്രക്കാർ കയറുന്ന തുറവൂർ ,എഴുപുന്ന, അരൂർ എന്നീ സ്റ്റേഷനുകളിൽ ജീവൻ പണയവെച്ചാണ് ഓരോ യാത്രക്കാരും ട്രെയിനിൽ കയറുന്നത് . മറ്റു സംസ്ഥാനങ്ങളിലെ പോലെ 16 ബോഗികളുള്ള മെമു ഉപയോഗിക്കുക, കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുക, തിരക്കുള്ള സ്റ്റേഷനുകളിൽ നിർത്തിയിടുന്ന സമയം വർധിപ്പിക്കുക അതുപോലെ യാത്രക്കാരുടെ യാത്രക്ലേശം ഇല്ലാതാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് യാത്രക്കാരുടെ ആവശ്യങ്ങള്‍.

Content Highlights: Protest of passengers at Alappuzha – Eranakulam railway root against the introduction of MEMU.