ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്താൽ ഇനി ജയിൽ ശിക്ഷ ഉണ്ടാവില്ല; നിയമം ഭേദഗതി ചെയ്യാനൊരുങ്ങി റെയിൽവേ

Travelling in trains without tickets may not attract jail term

റെയിൽവേയുമായി ബന്ധപ്പെട്ട ചെറിയ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ ഒഴിവാക്കാൻ ഒരുങ്ങി റെയിൽവേ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതും ഫുഡ്ബോർഡിൽ ഇരുന്ന് യാത്ര ചെയ്യുന്നതും കുറ്റകരമായി കണ്ട് ജയിൽ ശിക്ഷയായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത്തരം ചെറിയ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ ഒഴിവാക്കി പിഴ ഈടാക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനം. റെയിൽവേ സ്റ്റേഷനിൽ ഭിക്ഷാടനം നടത്തുന്നത് മുതൽ കാരണമില്ലാതെ അപായച്ചങ്ങല വലിക്കുന്നത്, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത്, റിസേര്‍വിഡ് കോച്ചുകളില്‍ അനധികൃതമായി കയറുന്നത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കി പിഴ മാത്രമാക്കി ചുരുക്കിയേക്കും.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2018ലെ കണക്കുകള്‍ പ്രകാരം 10,94,684 കേസുകള്‍ ആര്‍.പി.എഫ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ 1000 രൂപ പിഴയോ ആറുമാസം വരെ തടവോ ആണ് ശിക്ഷ നൽകി വരുന്നത്. അനാവശ്യമായി അപായ ചങ്ങല വലിച്ച 55,373 കേസുകളാണ് ആര്‍.പി.എഫിൻ്റെ 2019 ലെ കണക്ക് പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 45,784 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടതിയുടെ അധികഭാരം കുറയ്ക്കുന്നതിന് 1989 റെയിൽവേ ആക്ട് ഉൾപ്പടെ ഭേദഗതി ചെയ്യാനാണ് റെയിൽവേയുടെ തീരുമാനം.

content highlights: Travelling in trains without tickets may not attract jail term