ആഗോള താപനം; ആരോഗ്യ രംഗം നേരിടാൻ പോകുന്നത് കടുത്ത വെല്ലുവിളി

global warming

ആഗോള താപനം കൂടുന്നതുമൂലം ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാകാൻ പോകുന്നതായി പഠനങ്ങൾ. ആരോഗ്യ ഗവേഷണ മാസികയായ ലാൻസെറ്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇന്ത്യയുടെ ആരോഗ്യ രംഗം നേരിടാൻ പോകുന്ന വെല്ലുവിളികളെപ്പറ്റി മുന്നറിയിപ്പ്.

പട്ടിണിയും പോഷകാഹാര കുറവും നേരിടുന്ന ഇന്ത്യയിലെ കുട്ടികളെയാവും കാലാവസ്ഥാ മാറ്റം ഏറ്റവുമധികം ബാധിക്കുന്നത്. വർധിക്കുന്ന താപതരംഗങ്ങൾ മൂലം വയറിളക്കവും കോളറയും പോലെയുള്ള രോഗങ്ങൾ നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ടെന്ന് ലോകത്തെ 35 ഗവേഷണ കേന്ദ്രങ്ങളും യുഎന്നും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. വർധിച്ച ജനസംഖ്യയുള്ള ഇന്ത്യയെ ഇത് ഏറെ ബാധിക്കുമെന്ന് പഠനത്തിൽ പങ്കെടുത്ത പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിലെ ഡോ. പൂർണിമ പ്രഭാകരൻ അഭിപ്രായപ്പെട്ടു.

‘ഇന്ന് ജനിക്കുന്ന ഒരു കുട്ടിക്ക് 71 വയസ്സ് ആകുമ്പോൾ ചൂട് 4 ഡിഗ്രി കൂടി വർധിച്ച് ഭൂമി ചുട്ടുപഴുക്കുന്ന സ്ഥിതിയാണ്. കാർബൺ പുറന്തള്ളൽ കുറയ്ക്കുക മാത്രമാണ് പോംവഴി. കാലാവസ്ഥാ മാറ്റം മൂലമുള്ള ശിശുരോഗ നിരക്ക് വളരെ കൂടും. ബാല്യത്തിൽ ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണവും വളരുന്ന പരിസ്ഥിതിയും ജീവിത ഗതിയെ നിർണായകമായി സ്വാധീനിക്കും. രാജ്യങ്ങൾ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ വരും തലമുറകളുടെ ആയുർദൈർഘ്യവും ക്ഷേമവും ആരോഗ്യവും അത്യന്തം അപകടത്തിൽ’ -ലാൻസറ്റ് കൗണ്ട്ഡൗൺ എന്ന പഠനത്തിനു നേതൃത്വം നൽകുന്ന ഡോ. നിക് വാട്ട്സിൻറെ വാക്കുകളാണ്.

കോളറ പടരാനുള്ള സാഹചര്യം ഓരോ വർഷവും വർധിക്കുകയാണ്. ലോക ജനസംഖ്യയുടെ പകുതിയിലേറെയും ഡെങ്കിപ്പനി ഭീതിയുടെ നിഴലിലാണ്. കൊതുകു വഴി പകരുന്ന ഈ വൈറസിന് ഇപ്പോൾ 9 വർഷത്തെ പഴക്കമുണ്ട്.

വാഹന ഇന്ധനപ്പുകയും ചൂടും കൂടുന്നതുമൂലം ഏറ്റവും വിഷപൂരിതമായ വായു ശ്വസിക്കാൻ കഴിയാത്ത വിധമായിരിക്കുന്നു. ഹൃദ്രോഗം, സ്ട്രോക്, ആസ്മ തുടങ്ങിയ ഇവരെ നിത്യരോഗികളാക്കും. 2.5 മൈക്രോൺ സൂക്ഷ്മ പൊടി മൂലമുള്ള ശിശുമരണനിരക്ക് 29 ലക്ഷമായി തുടരുന്നു. 2016 ൽ കൽക്കരിയിൽ നിന്നുള്ള 2.5 മൈക്രോൺ പൊടി വായുവിൽ കലർന്ന് 5.29 ലക്ഷം ശിശുക്കളാണ് മരിച്ചത്.

65 വയസ്സിനു മുകളിലുള്ള, വൃക്ക, സ്ട്രോക്ക് രോഗബാധിതരുടെ എണ്ണം 2018 ൽ 6.3 കോടിയായി ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ വർഷത്തെ താപതരംഗമായിരുന്നു ഇതിനു പിന്നിൽ. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഉഷ്ണതാപതരംഗ ഫലമായി ഇന്ത്യയിൽ 2200 കോടി മണിക്കൂറുകളുടെ തൊഴിൽ നഷ്ടമുണ്ടായി. കാലാവസ്ഥാ മാറ്റം കാർഷിക രംഗത്തും ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ചോളത്തിന്റെ ഉൽപാദനം 4 ശതമാനവും ഗോതമ്പിൻറേത് 6 ശതമാനവും സോയയുടേത് 3 ശതമാനവും കുറഞ്ഞു. ഇത് ശിശുക്കളുടെയും കുട്ടികളുടെയും വളർച്ചയെ ആഗോള തലത്തിൽ ബാധിച്ചു.

കാലാവസ്ഥാ മാറ്റത്തിനെതിരായ കരാ‍ർ 2020 ൽ പ്രാബല്യത്തിൽ വരുമെന്നും എല്ലാ രാജ്യങ്ങളിലെയും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇതിനായി സംഘടിച്ച് രംഗത്തിറങ്ങണമെന്നും  ഈ വെല്ലുവിളിയെ മുൻകൂട്ടി കാണാതെ പോകരുതെന്നും ലാ‍ൻസെറ്റ് മാസികയുടെ എഡിറ്റർ ഇൻ ചീഫ് ഡോ. റിച്ചാർഡ് ഹോർട്ടൺ അഭിപ്രായപ്പെട്ടു.

Content highlight; Global warming; problems based on the health sector