കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യ വകുപ്പ്; ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് നിരക്കിലും കുറവ്

തിരുവനന്തപുരം: കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യ വകുപ്പ്. ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് പരിശോധനകളുടെ നിലവിലെ നിരക്കാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുതുക്കി നിശ്ചയിച്ചത്.

പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം, 2750 രൂപയുണ്ടായിരുന്ന ആര്‍ടി-പിസിആര്‍ പരിശോധനകളുടെ നിരക്ക് 2,100 രൂപയാക്കി കുറച്ചു. 1500 രീപ വീതം രണ്ട് ഘട്ടമായി നടത്തിയിരുന്ന ട്രൂനാറ്റ് പരിശോധനയ്ക്ക് ഇനി മുതല്‍ ആകെ 2,200 രൂപ ചിലവാക്കിയാല്‍ മതിയാകും. ജീന്‍ എക്‌സ്പര്‍ട്ട് പരിശോധനയ്ക്ക് 2500 രൂപയാണ് നിരക്ക്. അതേസമയം, 625 രൂപയായിരുന്ന ആന്റിജന്‍ പരിശോധനയുടെ നിരക്കില്‍ മാറ്റമില്ല.

പൊതുവിടങ്ങളില്‍ കൊവിഡ് പരിശോധന സാധ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാന പ്രകാരം നിലവില്‍ ഐസിഎംആര്‍ അംഗീകാരമുള്ള ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും കൊവിഡ് പരിശോധനയ്ക്കുളള കിയോസ്‌കുകള്‍ സാഥാപിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ ഈ ഉത്തരവിലൂടെ നല്‍കി. പരിശോധന സാമഗ്രികളുടെ ലഭ്യതയിലുണ്ടായിരുന്ന കുറവു മൂലമായിരുന്നു നേരത്തെ നിരക്ക് കൂട്ടിയിരുന്നതെന്നും ആവശ്യ വസ്തുക്കള്‍ ലഭ്യമായ സാഹചര്യത്തില്‍ നിരക്ക് കുറക്കുകയാണെന്നും ആരോഗ്യ വകുപ്പ് ഉത്തരവില്‍ പറഞ്ഞു.

Content Highlight: Covid Test Price reduced by Health Department