ട്രംപിന്റെ ഇംപീച്ച്‌മെന്റ്; മ്യുളളറുടെ റിപ്പോര്‍ട്ടിലെ തെളിവുകള്‍ ഉള്‍പ്പെടുത്തുമെന്ന് ജെറി നാഡ്‌ലര്‍

trump impeachment

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെൻറിൽ മുള്ളര്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള തെളിവുകളും ഉള്‍പ്പെടുത്തുമെന്ന സൂചന നല്‍കി ഹൌസ് ജുഡീഷ്യറി ചെയര്‍ ജെറി നാഡ്‌ലര്‍. ഇത് സംബന്ധിച്ച സുപ്രധാന വാദം ഇന്ന് തുടങ്ങും. പ്രസിഡന്റ് സ്വന്തം താല്‍പര്യത്തിനു വേണ്ടി രാജ്യതാല്‍പര്യത്തെ ബലി കൊടുത്തതായാണ് ജെറി നാഡ്‌ലറിൻറെ ആരോപണം.

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായി ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ട്രംപ്, ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ടെലിഫോണ്‍ സംഭാണവുമായി ബന്ധപ്പെട്ടാണ് ഇംപീച്ച്മെന്റിന് ആധാരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. ട്രംപ് ഇംപീച്ച്‌മെന്റിനെ കുടുങ്ങിയത് ഈ കാരണത്താല്‍ ആണ്.

ട്രംപിന്റെ അജണ്ട നടപ്പിലാക്കുന്നതിനായി എങ്ങിനെയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അറ്റോര്‍ണി റൂഡി ജിയൂലിയാനിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയും ചര്‍ച്ച നടത്തിയത് എന്ന് യൂറോപ്യന്‍ യൂണിയനിലെ യുഎസ് അംബാസഡറായിരുന്ന ഗോര്‍ഡന്‍ സോണ്ട്ലാന്‍ഡ് അന്വേഷണ സമിതിക്ക് മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു.

‘പ്രസിഡന്‍റ് അധികാര ദുര്‍വിനിയോഗം നടത്തി, നമ്മുടെ ദേശീയ സുരക്ഷയെപ്പോലും ഒറ്റുകൊടുക്കുകയും തെരഞ്ഞെടുപ്പ് നശിപ്പിക്കുകയും ചെയ്തു. എല്ലാം വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു. ഈ ദുരാചാരത്തിന് ഒരേയൊരു പ്രതിവിധി മാത്രമാണ് ഭരണഘടന വിശദീകരിക്കുന്നത്; അതാണ്‌ ഇംപീച്ച്‌മെന്‍റ്’ എന്ന് നാഡ്‌ലര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

ട്രംപ് സ്വന്തം താല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കിയതെന്ന് ഇംപീച്ച്മെന്റ് റിപ്പോര്‍ട്ടില്‍ ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്. സെനറ്റ് അംഗങ്ങള്‍ ജ്യൂറിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങള്‍ പ്രോസിക്യൂട്ടര്‍മാരുമാകും. സെനറ്റ് കോടതിമുറിയായി മാറുന്നതോടെ മേല്‍നോട്ടം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാല്‍ അദ്ദേഹം പുറത്തു പോകേണ്ടിവരും.

Content Highlights: Trump Impeachment