ട്രംപിനെതിരെ ഇംപീച്ച്‌മെൻറ്; യുഎസ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയെന്ന് വൈറ്റ്ഹൗസ്

donald trump impeachment

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സായി. പ്രമേയത്തിന്റെ ആദ്യഭാഗം 197 നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198 നെതിരെ 229 വോട്ടിനുമാണ് പാസായത്. അധികാര ദുര്‍വിനയോഗം, യുഎസ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഇനി യുഎസ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനക്കെത്തും. ഇംപീച്ച്‌മെന്റിന് വിധേയനാകുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ട്രംപ്.

യുഎസ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട നടപടിയെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ജനവിധി അട്ടിമറിയ്ക്കാനുള്ള ശ്രമമാണിതെന്നും വൈറ്റ്ഹൗസ് ആരോപിച്ചു. 435 അംഗ സഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റ് പാര്‍ട്ടിക്കാണു ഭൂരിപക്ഷം. 100 അംഗ സെനറ്റ് അനുമതി നല്‍കിയാല്‍ മാത്രമാണ് ജനുവരിയില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. എന്നാല്‍, സെനറ്റില്‍ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രമേയം തള്ളിപ്പോകാനാണ് സാധ്യത. സെനറ്റ് വോട്ടെടുപ്പില്‍ മുന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ട്രംപിനു വൈറ്റ് ഹൗസ് വിടേണ്ടി വരും.

content highlights : Donald trumph impeached