ബ്യൂട്ടി ടിപ്സിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി അമേരിക്കന്‍ യുവതി

US girl on CAA

ബ്യൂട്ടി ടിപ്സിനിടെ രാഷ്ട്രീയം പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയ അമേരിക്കന്‍ യുവതിയായ ഫെറോസ അസീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറൽ. ചൈനയുടെ മുസ്ലിം സമീപനത്തിനെതിരെ ടിക് ടോക് വീഡിയോകളിൽ തൻറെ നിലപാടുകൾ രേഖപ്പെടുത്തിയതിലൂടെ നേരത്തെ തന്നെ ജനശ്രദ്ധ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഫെറോസ അസീസ്.  ഇത്തരത്തില്‍ വീണ്ടും രാജ്യാന്തര വിഷയത്തെക്കുറിച്ച് പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഫെറോസ അസീസ് എന്ന 17 വയസ്സുകാരി.

44 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള യുവതിയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പുതിയ വീഡിയോയില്‍ കണ്‍തടങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്ന് പരിശീലിപ്പിക്കുന്നതിനിടെയാണ് ഏറെ വിവാദമായിക്കഴിഞ്ഞ ഇന്ത്യന്‍ പൗരത്വ നിയമത്തെക്കുറിച്ച്‌ ഫെറോസ പരാമര്‍ശിക്കുന്നത്.

തൊലി വിണ്ടുകീറുന്നത് തടയാന്‍ പുതിയൊരു വിദ്യ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ പെട്ടെന്ന് വിഷയം ഇന്ത്യന്‍ പൗരത്വ നിയമത്തിലേക്ക് വഴിമാറുകയാണ്. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പാസ്സാക്കിയ ഈ നിയമം മുസ്ലിംങ്ങളെ രാജ്യത്തുനിന്ന് ഒഴിവാക്കാനുള്ളതാണെന്നും ഏതെങ്കിലും മുസ്ലിമിന് ഇന്ത്യയില്‍ തന്നെ താമസിക്കണമെന്നുണ്ടെങ്കില്‍ ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നത് വലിയ തെറ്റാണെന്നും ഫെറോസ വീഡിയോയിലൂടെ പറയുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ വേര്‍തിരിക്കുന്നതും അതിര്‍ത്തി കടത്തുന്നതും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മതം  ഇന്ത്യന്‍ പൗരന്‍ ആകാന്‍ തടസ്സവുമല്ലായെന്നും ഫെറോസ കൂട്ടിച്ചേർത്തു. ഇത്രയും പറഞ്ഞതിനുശേഷം ഫെറോസ വീണ്ടും ബ്യൂട്ടി ടിപ്സിലേക്ക് തിരിയുകയാണ്. നിരവധി പേരാണ് ഫെറോസയെ അലുകൂലിച്ചും വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: us girl criticized citizenship amendment bill in her skincare video