‘റോഡും വാഹനവുമില്ല, മൂന്നുകിലോമീറ്ററോളം മൃതദേഹം ചുമന്ന് നാട്ടുകാർ’ സംഭവം കേരളത്തിൽ

ആദിവാസി കോളനിയില്‍ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. ജീപ്പുകള്‍ കിട്ടാതിരുന്നതും ആംബുലന്‍സിന് വരാനുള്ള സൗകര്യമില്ലാത്തതുമാണ് മൃതദേഹം ചുമന്ന് കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായത്.

കുഞ്ചിപ്പാറ കോളനിയിലെ നാൽപ്പത്തി രണ്ടു വയസുള്ള സോമനെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി കോതമംഗലം ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം കിട്ടി. എന്നാൽ, റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സുകളൊന്നും കോളനിയിലേക്ക് വന്നില്ല. വല്ലപ്പോഴും മാത്രം ജീപ്പുകള്‍ ഇതുവഴി വരാറുണ്ടെങ്കിലും മൃതദേഹം കൊണ്ടുപോകാനായി ജീപ്പുകളും ലഭിച്ചില്ല.

ഇതേ തുടര്‍ന്നാണ് അയല്‍വാസികള്‍ ചേര്‍ന്ന് മൃതദേഹം പായയില്‍ കെട്ടി മൂന്നുകിലോമീറ്ററോളം നടന്ന് കല്ലേരിമേട്ടിലെത്തിച്ചത്. അവിടെനിന്നുമാണ് ബ്ലാവന കടത്ത് വരെ മൃതദേഹം ജീപ്പില്‍ കൊണ്ടുപോയത്. കടത്ത് കടന്ന ശേഷം കുട്ടമ്പുഴ പഞ്ചായത്തിൻറെ ആംബുലന്‍സില്‍ കോതമംഗലം ആശുപത്രിയിലേക്കും എത്തിച്ചു.

കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിര്‍മിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. മഴക്കാലത്ത് പുഴയില്‍ വെള്ളം നിറഞ്ഞാല്‍ ബ്ലാവന കടത്ത് വഴിയുള്ള യാത്ര ദുഷ്‌കരമാകും. ഇതോടെ കോളനിക്കാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാകുന്നതും പതിവ് സംഭവമാണ്.

Content highlight; people from the tribal colony carried a dead body on their shoulders to a hospital due to the lack of transport facilities