രണ്ട് മാസം മൃതദേഹങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ ഉത്തര്‍പ്രദേശ്  പോലീസ് കണ്ടെത്തി

woman-found-living-with-corpses-of-mother-and-sister-in-up

രണ്ട് മാസത്തോളമായി മരിച്ചുപോയ അമ്മയുടെയും സ്വന്തം സഹോദരിയുടെയും മൃതദേഹങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ പോലീസ് കണ്ടെത്തി.  അയോധ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദേവ്കാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ആദര്‍ശ് നഗര്‍ കോളനിയിലെ അടച്ചിട്ട വീട്ടില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന വിവരം വ്യഴാഴ്ചയാണ് പോലീസിനെ അയല്‍വാസികള്‍ വിളിച്ചറിയിച്ചത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാതില്‍ പൊളിച്ച് അകത്തുകയറിയ പോലീസ് കണ്ടത് അമ്മ പുഷ്പ ശ്രിവാസ്തവയുടെയും സഹോദരി വിഭയുടെയും അഴുകിയ മൃതദേഹങ്ങള്‍ക്കരികില്‍ കിടന്നുറങ്ങുന്ന ദീപയെയാണ്. 

മുന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന ദീപയുടെ അച്ഛന്‍ വിജേന്ദ്ര ശ്രിവാസ്തവ 1990 ൽ മരിച്ചതിന്  ശേഷം അമ്മക്കും മൂന്ന് സഹോദരികള്‍ക്കും ഒപ്പമായിരുന്നു ദീപയുടെ താമസം. എന്നാല്‍ കുറച്ച് വര്‍ഷങ്ങൾക്ക് മുന്‍പ് ദീപയുടെ സഹോദരിമാരില്‍ ഒരാളായ രുപാലി മരിച്ച് പോയി. അതിന് ശേഷം മാനസിക സ്ഥിരത നഷ്ടപ്പെട്ട ദീപയും സഹോദരി വിഭയും അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ദീപയുടെ സഹോദരിയും അമ്മയും മരിച്ച് പോയി. 

ഇരുവരുടെയും മൃതദേഹങ്ങള്‍ക്കൊപ്പമാണ്  ദീപയെ പോലീസ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകി എല്ലുകളെല്ലാം വെളിയിൽ വന്ന നിലയിലായിരുന്നു.  മൃതദേഹങ്ങള്‍ക്ക് രണ്ട് മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. മരണ കാരണം കണ്ടെത്തുന്നതിനായി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ഒപ്പം ദീപയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. ദീപയുടെ അവസ്ഥ പരിശോധിച്ചതിന് ശേഷം അഭയ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സര്‍ക്കിള്‍ ഓഫീസര്‍ അരവിന്ദ് ചൗരസ്യ മാധ്യമങ്ങളോട് പറഞ്ഞു. 

Content highlights: UP police found that a woman who is living with the dead bodies of her mother and sister for the last two months.