അയോധ്യ രാമക്ഷേത്ര നിര്‍മാണം: മണ്ണ് പരിശോധന ആരംഭിച്ചു

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ പണികള്‍ ആരംഭിച്ചതായി ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികള്‍. രാമജന്മ ഭൂമിയിലെ മണ്ണ് പരിശോധന അടക്കമുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. എത് കൊടുങ്കറ്റിനെയും പ്രകൃതി ദുരന്തത്തെയും ഭൂമി കുലുക്കത്തെയും അതി ജീവിക്കുന്ന തരത്തിലുള്ള നിര്‍മാണ രീതിയാണ് ക്ഷേത്രത്തിന് നല്‍കുന്നത്.

36 മുതല്‍ 40 മാസങ്ങള്‍ക്കുള്ളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ നല്‍കുന്ന വിശദീകരണം. റൂര്‍ക്കിയിലെ സിബിആര്‍ഐയിലെയും, മദ്രാസ് ഐഐടിയിലെയും എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് മണ്ണ് പരിശോധന നടത്തുന്നത്. ക്ഷേത്ര നിര്‍മാണത്തിന് ഇരുമ്പിന് പകരം കല്ലുകള്‍ തമ്മില്‍ ചേര്‍ക്കുന്നതിന് ചെമ്പ് പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്.

ക്ഷേത്ര നിര്‍മാണത്തിന് ആളുകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ സംഭാവന നല്‍കുന്നവരുടെ പേരോ, അവരുടെ സമുദായത്തിന്റെ പേരോ ചെമ്പില്‍ ആലേഖനം ചെയ്യും. ഇതിലൂടെ രാജ്യത്തിന്റെ ഐക്യം പ്രകടമാകുമെന്നാണ് ക്ഷേത്രം ട്രസ്റ്റ് നല്‍കുന്ന വിശദീകരണം. ഓഗസ്ത് 5-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്.

Content Highlight: Construction of Ram Mandir in Ayodhya begins