വാഹനങ്ങളുടെ പാർക്കിങ്ങിനു തിരുവനന്തപുരം നഗരസഭാ ഓഫീസ് പരിസരത്ത് ഹൈടെക് സംവിധാനമൊരുങ്ങുന്നു. ബഹുനില ഓട്ടോമാറ്റിക് സമുച്ചയം ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഏഴു നിലകളിലായി ഒരേ സമയം 102 വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. കുറഞ്ഞ സ്ഥലത്തു കൂടുതൽ പാർക്ക് ചെയ്യാം എന്നതാണ് മൾട്ടി ലെവൽ സ്മാർട്ട് സിസ്റ്റത്തിൻറെ പ്രത്യേകത.
പാർക്കിങ്ങ് കേന്ദ്രത്തിലേക്ക് വരുന്ന കാറിൻറെ നമ്പർ, നീളം, വീതി, ഭാരം എന്നിവ ‘ഹൈ പവർ സെൻസർ’ സംവിധാനമനുസരിച്ച് രേഖപ്പെടുത്തും. തുടർന്ന് കാർ ബൂത്തിൽ നിന്നും ടോക്കൺ ലഭിക്കും. പാർക്കിങ്ങ് കേന്ദ്രത്തിനു മുന്നിലെ മെഷിനിൽ ടോക്കൺ സ്വൈപ്പ് ചെയ്താൽ ഏത് നിലയിലാണോ വാഹനത്തിൻറെ പാർക്കിങ്ങ് സൗകര്യം അവിടുത്തെ തട്ട്(റാപ്പ്) താഴേക്ക് വരും. വാഹനം റാപ്പിൽ കയറി കഴിഞ്ഞാൽ ഡ്രൈവർക്ക് വാഹനത്തിൽ നിന്നും ഇറങ്ങാം. തുടർന്ന് വാഹനം സുരക്ഷിതമായി മുകളിലേക്ക് പാർക്ക് ആകും. തിരികെ പാർക്കിംഗ് സമുച്ചയത്തിൽ നിന്നും വാഹനം ഇറക്കണമെങ്കിൽ കാർ പുറത്തുള്ള ബൂത്തിൽ സ്വൈപ്പ് ചെയ്യണം. ഈ സമയത്ത് വാഹനം ഏത് നിലയിലാണെന്നും. എത്ര സമയത്തിനുള്ളിൽ താഴേക്ക് വരുമെന്നതും പുറത്തുള്ള ബൂത്തിലെ സ്‌ക്രീനിൽ കാണിക്കും. കാർ സുരക്ഷിതമായി താഴെ ഇറങ്ങുമ്പോൾ അലാറം മുഴങ്ങും. ഈ സമയത്ത് ഡ്രൈവർക്ക് വാഹനം തട്ടിൽ നിന്നും എടുക്കാം.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാർക്കിങ്ങ് സംവിധാനം ജനറേറ്റർ ഉപയോഗിച്ചും പ്രവർത്തിക്കാമെന്ന പ്രത്യേകതയുമുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് കോയമ്പത്തൂരിലെ ‘സീഗർ’ കമ്പിനിയാണ്. അമൃത് പദ്ധതിയിലുൾപ്പെടുത്തി 5.64 കോടി രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം നഗരസഭ ‘മൾട്ടി ലെവൽ കാർ പാർക്കിങ്ങ്’ നിർമിച്ചിരിക്കുന്നത്.
Content highlight; automatic parking complex will be opened at Trivandrum in January