പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ ഹാഷ്ടാഗ് ക്യാംപെയ്നുമായി പ്രധാനമന്ത്രി

modi's hashtag campaign

രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ ഹാഷ്ടാഗ് ക്യാംപെയ്നുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തെപ്പറ്റി ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ #IndiaSupportsCAA എന്ന ഹാഷ്ടാഗാണു മോദി ട്വിറ്ററിൽ പങ്കുവച്ചത്.

‘‘പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ഇന്ത്യ പിന്തുണയ്ക്കുന്നു. കാരണം ഇതാരുടെയും പൗരത്വം എടുത്തുകളയുകയല്ല, മറിച്ച്, മതപീഡനം നേരിടുന്ന അഭയാർഥികൾക്കു പൗരത്വം നൽകുകയാണു ചെയ്യുന്നത്. #IndiaSupportsCAA എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നമോ ആപ്പിലെ നിങ്ങളുടെ ശബ്ദം എന്ന വൊളൻ്റിയർ വിഭാഗത്തിൽ തിരയുക. വിശദീകരണങ്ങളും ഗ്രാഫിക്സും വിഡിയോയും ഉൾപ്പെടെ കാണാനാവും. അതു പങ്കിട്ട് സിഎഎയോട് നിങ്ങൾക്കുള്ള പിന്തുണ പ്രകടിപ്പിക്കുക’’ ട്വീറ്റിൽ മോദി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ, സിഎഎയെയും എൻആർസിയെയും കുറിച്ച് ആത്മീയ നേതാവ് സദ്ഗുരു വിശദീകരിക്കുന്ന 22 മിനിറ്റുള്ള യുട്യൂബ് വിഡിയോയും തൊട്ടുപിന്നാലെ ഇതേ ഹാഷ്ടാഗോടെ പങ്കുവച്ചിട്ടുണ്ട്.

സിഎഎ, എൻആർസി വിഷയങ്ങളിൽ ജനങ്ങളിൽ തെറ്റിദ്ധാരണയുള്ളതിനാലാണു പ്രതിഷേധം കനത്തതെന്ന നിലപാടാണു സർക്കാരിനുള്ളത്. മൂന്നു കോടി കുടുംബങ്ങളെ നേരിൽ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താനും പദ്ധതിയുണ്ട്.

Content highlight; “indiasupportscaa’ Narendra Modi outreach campaign