സര്‍ഫിംഗ് പഠിപ്പിക്കാനെന്ന പേരില്‍ വെള്ളത്തിനടിയില്‍ വെച്ച്‌ പീഡനശ്രമം; കരയില്‍ വെച്ചല്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്

സര്‍ഫിംഗ് പഠിപ്പിക്കാനെന്ന പേരില്‍ വെള്ളത്തിനടിയില്‍ വെച്ച്‌ പീഡനം ശ്രമം. പരാതിയുമായി എത്തിയപ്പോൾ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വര്‍ക്കല പോലീസ് തയ്യാറായില്ലെന്ന് യുവതിയുടെ പരാതി. സര്‍ഫിംഗ് പരിശീലനത്തിനിടെ വര്‍ക്കല ബീച്ചില്‍ പരിശീലകന്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. ഉച്ചക്ക് സംഭവം ഉണ്ടായി ഉടന്‍ തന്നെ പരാതിയുമായി വര്‍ക്കല പോലീസ് സ്റ്റേഷനിലെത്തി പരാതി എഴുതി കൊടുത്തിട്ടും പോലീസ് കേസെടുത്തില്ല. പരാതി ഉന്നയിക്കപ്പെട്ടയാള്‍ക്ക് ഭാര്യയും കുട്ടികളും ഉള്ളതിനാല്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു.

വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനമുള്ളതിനാല്‍ തിരക്കുണ്ടെന്ന് പൊലീസ് ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് യുവതി മടങ്ങിപ്പോകുകയും അതിനടുത്ത ദിവസം വീണ്ടും പരാതിയുമായി ചെന്ന യുവതിയോട് വെള്ളത്തിനിടയില്‍ വച്ച്‌ സംഭവിച്ച കാര്യമായതിനാല്‍ നടപടി എടുക്കാന്‍ കഴിയില്ലെന്നും തീരദേശ പൊലീസിനോട് പരാതിപ്പെടണം എന്നുമായിരുന്നു പൊലീസ് നല്‍കിയ മറുപടി. 2 മണിക്കൂറിലധികം കാത്തുനിന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറാനുള്ള സഹായം പോലും ഉണ്ടായില്ലെന്ന് യുവതി പറയുന്നു. നിര്‍ഭയ ദിനവുമായി ബന്ധപ്പെട്ട് പൊതു ഇടങ്ങള്‍ സ്ത്രീകളുടേത് കൂടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കേസെടുക്കാന്‍ പൊലീസ് തയാറാവാത്തത്.

Content Highlight: sexually abused a woman during surfing. police refused to take the case in Kerala.