വീണ്ടും യുഎസ് ആക്രമണം; ബഗ്ദാദില്‍ 6 പൗരസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

us airstrike again

ഇറാൻ പൗരസേനയ്ക്ക് എതിരെ ബാഗ്‌ദാദിൽ വീണ്ടും അമേരിക്കൻ ആക്രമണം. വടക്കൻ ബഗ്ദാദിൽ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ആറ് പൗരസേന അംഗങ്ങള്‍ കൊല്ലപ്പെട്ടു. രണ്ടു കാറുകളും ആക്രമണത്തിൽ തകർന്നു. നാല് പേർക്ക് പരിക്കേറ്റു. ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ വധിച്ച് 24 കഴിയും മുമ്പേയാണ് വീണ്ടും ആക്രമണമുണ്ടായത്.

പുലർച്ചെ 1.15 ഓടെയായിരുന്നു അമേരിക്കയുടെ ആക്രമണമുണ്ടായത്. യുഎസാണ് ആക്രമണത്തിനു പിന്നിലെന്ന് ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നു വ്യക്തമല്ല. ആക്രമണത്തെ കുറിച്ച് യുഎസ് പ്രതികരണം പുറത്തുവന്നിട്ടില്ല. ഇറാനുമായി ഏറെ അടുപ്പം പുലർത്തുന്ന ഇറാഖ് അർധസൈനിക ശൃംഖലയായ ഹഷെദ് അൽ ഷാബിയുടെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഖാസിം സൊലൈമാനിയെ വധിച്ചത് യുദ്ധം തുടങ്ങാനല്ല മറിച്ച് അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അമേരിക്കൻ പൗരന്മാരുടെ സുരക്ഷ മുൻനിർത്തി സമാധാനത്തിന് വേണ്ടി നടത്തിയ ആക്രമണമെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ ആക്രമണം.

Content highlight:  US airstrike again in Baghdad