ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദിച്ചതിന് പിന്നാലെ രാജ്യത്തുടനീളം വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിനിറങ്ങിയത്.
മുഖംമൂടി ധരിച്ചെത്തിയ സംഘത്തിൻറെ ആക്രമണത്തിൽ വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡൻറിനും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
മുംബൈയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ ഒത്തുകൂടി. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകരും വിദ്യാർത്ഥികളും. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
അക്രമികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ അവർ മുദ്രാവാക്യം ഉയർത്തി. എബിവിപി-ബിജെപി പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്പോള്‍ പോലീസ് നോക്കിനിന്നുവെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചിട്ടുണ്ട്. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു.
content highlights: students agitation across the country