പൗരത്വം എടുത്തുകളയാനല്ല, പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതിയെന്ന് പ്രധാനമന്ത്രി
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വീണ്ടും പരസ്യപ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല, മറിച്ച് പൗരത്വം നല്‍കാനുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാകിസ്താനില്‍ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് സ്വാതന്ത്ര്യത്തിന് ശേഷം മഹാത്മാ ഗാന്ധിയും മറ്റ് നേതാക്കളും വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മനഃപൂര്‍വ്വം രാഷ്ട്രീയം കളിക്കുന്നവര്‍ ഇത് മനസ്സിലാക്കാന്‍ തയ്യാറല്ല. പൗരത്വ നിയമഭേദഗതിയുടെ പേരില്‍ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിൻ്റെ ഭാഗമായി രാമകൃഷ്ണ മിഷന് ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് സംസാരിച്ചതും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചതും. പൗരത്വം നല്‍കുകയാണ് നമ്മുടെ ഉത്തരവാദിത്വമെന്നും, ഒരു രാത്രി കൊണ്ട് തിടുക്കപ്പെട്ട് കൊണ്ടുവന്ന നിയമമല്ല ഇതെന്നും കഴിഞ്ഞ 70 വര്‍ഷമായി ന്യൂന പക്ഷങ്ങളെ പീഡിപ്പിച്ചതിന് പാകിസ്താന് ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 100 ഊര്‍ജ്ജസ്വലരായ യുവാക്കളെ തരൂ ഞാന്‍ ഇന്ത്യയെ മാറ്റി തരാം എന്ന സ്വാമി വിവേകാനന്ദൻ്റെ വിഖ്യാതമായ വാക്യം നാം സദാ ഓര്‍ക്കണമെന്നും എന്തെങ്കിലും ചെയ്യാനുള്ള നമ്മുടെ ഊര്‍ജവും താത്പര്യവുമാണ് മാറ്റത്തിന് വേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Content Highlights; narendra modi says that citizenship law is not to snatch citizenship