തിരുവാഭരണഘോഷയാത്ര കടന്നു പോകുമ്പോള്‍ മത്സ്യമാംസശാലകള്‍ അടച്ചിടണമെന്ന് ഉത്തരവ്

sabarimala ghoshayathra

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ മത്സ്യമാംസശാലകള്‍ അടച്ചിടണമെന്നും വ്യാപാരം നിർത്തിവയ്ക്കണമെന്നും പഞ്ചായത്ത് അധിക്യതരുടെ നിർദ്ദേശത്തിൽ തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ഇത് വർഷങ്ങളായി തുടരുന്ന നടപടി ക്രമങ്ങളെണെന്നാണ് പഞ്ചായത്ത് നൽകിയ മറുപടിയിൽ പറയുന്നത്.

ഇറച്ചിക്കടകൾ, കോഴിക്കടകൾ, മീൻ വിൽക്കുന്ന കടകൾ എന്നിവയുടെ പ്രവർത്തനം ഇന്നലെയും ഇന്നും നിർത്തിവയ്ക്കണമെന്ന് പഞ്ചായത്ത് നേരത്തെ വ്യാപാരികളെ അറിയിച്ചിരുന്നു. എന്നാൽ ഇത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. തുടർന്ന് തദ്ദേശഭരണമന്ത്രി എസി മൊയ്തീന്‍റെ ഓഫീസ് വിഷയത്തില്‍ ഇടപെടുകയും പഞ്ചായത്തിനോട് വിശദീകരണം തേടുകയും ചെയ്തു.

തീർത്ഥാടകർ കുളിക്കുന്ന നദിയിൽ അറവു മാലിന്യങ്ങളും അവശിഷ്ടങ്ങളും പൊന്തിയ സംഭവത്തെ തുടർന്ന് വർഷങ്ങളായി ഈ സമയങ്ങളിൽ മത്സ്യമാംസശാലകള്‍ അടച്ചിടണമെന്ന നിർദേശമുണ്ടായിരുന്നു എന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഘോഷയാത്ര കടന്ന് പോയതിന് പിന്നാലെ കടകളെല്ലാം തുറക്കാറാണ് പതിവെന്നും പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

content highlights: officials asked to close meat and fish stalls during the crossing of thiruvabharanaghosha yathra