മധ്യപ്രദേശില്‍ 15 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് ആറ് ആദിവാസി കുട്ടികള്‍. മധ്യപ്രദേശിലെ ശാഹ്‌ഡോളിലുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് കൂട്ട ശിശുമരണം. രാജസ്ഥാനിലെ കോട്ടയിലെയും ഗുജറാത്തിലെയും ശിശുമരണങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെയാണ് ശാഹ്‌ഡോളിലെ ശിശുമരണവും ചര്‍ച്ചയായിരിക്കുന്നത്. ജനുവരി 13 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കും ജനുവരി 14 പുലര്‍ച്ചെ നാലു മണിക്കും ഇടയിലാണ് മരണങ്ങള്‍ സംഭവിച്ചത്. ഒരു ദിവസം പ്രായമുള്ള കുഞ്ഞു മുതല്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞു വരെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കുട്ടികളെ ആശുപത്രിയിലെ സിക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് പ്രവേശിപ്പിച്ചിരുന്നതെന്ന് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസറായ ഡോ.രാജേഷ് പാണ്ഡെ അറിയിച്ചു. മരിച്ച കുട്ടികളില്‍ രണ്ടുപേരെ ജനുവരി ഏഴ്, ഡിസംബര്‍ 30 എന്നീ ദിവസങ്ങളിലായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനനശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശാഹ്‌ഡോളിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് മറ്റു നാലു കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവരില്‍ മൂന്നു പേരെയും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. നാലാമത്തെ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നെന്നും കുട്ടിയെ രക്ഷിക്കാന്‍ 40 മിനിട്ടോളം ഡോക്ടര്‍മാര്‍ പരിശ്രമിച്ചുവെന്നും ഡോ. രാജേഷ് പാണ്ഡെ പറഞ്ഞു. ശിശുമരണം സംബന്ധിച്ച് ഉന്നത തല അന്വേഷണത്തിന് മധ്യപ്രദേശ് ആരോഗ്യമന്ത്രി തുളസി സിലാവത്ത് ഉത്തരവിട്ടു.സംഭവം അന്വേഷിക്കുന്നതിനായി ജില്ലാ കളക്ടറും അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.
Content Highlights: deaths of 6 newborns in 12 hours rattles Madhya Pradesh town probe ordered