സോഫ്റ്റ് വെയർ തകരാറിന് ഇൻഫോസിസിന് സർക്കാർ വൻ തുക പിഴ ഈടാക്കി

infosys

ജിഎസ്ടി പോർട്ടലിൻറെ പ്രവർത്തനത്തകരാറിന് ഇൻഫോസിസിന് പിഴ. 16.25 കോടി രൂപ പിഴ ചുമത്തിയതായാണ് വിവരം. 1379.71 കോടി രൂപയുടെ കരാർ ആണ് ജിഎസ്ടി പോർട്ടലിന്റെ പ്രവർത്തനം ഏറ്റെടുത്തത് നടത്താൻ ഇൻഫോസിസിന് സർക്കാർ നൽകിയത്. ഇതുവരെ 437.81 കോടി രൂപയാണ് നൽകിയത് . എന്നാൽ സോഫ്റ്റ്‌വെയർ ശരിയായി പ്രവർത്തിക്കാത്തതിന് 16.25 കോടി രൂപ പിഴ ചുമത്തിയതായി അടുത്തിടെ പുറത്തു വന്ന ഒരു വിവരാവകാശ രേഖയിലാണ് വ്യക്തമായത്.

നിലവിലെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് റിട്ടേൺ സമർപ്പിക്കുമ്പോൾ ഒരു സമയത്ത് വളരെ കുറച്ച് പേർക്ക് മാത്രമേ പോർട്ടൽ ഉപയോഗിക്കാനാവുകയുള്ളു. റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതികളിൽ തിരക്ക് കാരണം സൈറ്റ് മിക്കവാറും നിശ്ചലമാകുകയും ഇത് മൂലം സർക്കാരിന് ജി എസ് ടി പിരിവ് കൃത്യമായി നടത്താൻ കഴിയാതെ വരുകയും ചെയ്യുന്നു.

റിട്ടേൺ സമർപ്പിക്കാൻ കഴിയാത്ത വ്യാപാരികൾക്ക് ലേറ്റ് ഫീ ഈടാക്കുന്നുണ്ടെങ്കിലും സോഫ്റ്റ് വെയറിൻറെ പിഴവാണ് റിട്ടേൺ സമർപ്പണം വൈകുന്നതിന് പിന്നിലെ വലിയ കാരണം. എന്നാൽ ഇതു മനസിലാക്കി സോഫ്റ്റ് വെയർ തകരാർ പരിഹരിയ്ക്കുന്നതിന് പകരം വ്യാപാരികളിൽ നിന്ന് വലിയ തുക സർക്കാർ പിഴ ഈടാക്കുകയാണ്. ഒരു കോടിയിലേറെ വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോൾ ജി എസ് ടി യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Content highlights: Infosys pays government fines for software malfunction