മോദിയുടെ ഇന്ത്യ ഹിറ്റ്ലറുടെ നാസി ജര്‍മനി പോലെ; ഇമ്രാന്‍ ഖാന്‍

Imran Khan says Modi India is Like Hitler's Nazi Germany

ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറം എന്ന അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ വിമര്‍ശിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നരേന്ദ്ര മോദിയുടെ ഇന്ത്യ ഹിറ്റ്ലറുടെ നാസി ജര്‍മനി പോലെയാണെന്ന ആരോപണവുമായാണ് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്.

മോദി എന്നെ ബാധിക്കുന്ന കാര്യമല്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലാകും. ഇന്ത്യ വലിയ വിപണിയാണ്. എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പോക്കില്‍ എനിക്ക് ആശങ്കയുണ്ട്. ചരിത്രവും നാസി ജര്‍മനിയുടെ ഉദയവും വായിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് രണ്ടും സമാനമാണെന്ന് മനസ്സിലാകും.” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനോടുള്ള ഇന്ത്യന്‍ സര്‍ക്കാറിന്‍റെ സമീപനത്തേയും ഇമ്രാന്‍ ഖാന്‍ വിമർശിച്ചു. ജിംഗോയിസത്തിലൂടെയാണ് (യുദ്ധതത്പരത) മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നും നിയന്ത്രണരേഖയില്‍ ഇപ്പോഴും ബോംബാക്രമണങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ദളിതരുമായ ന്യൂനപക്ഷങ്ങള്‍ ഏറെയുണ്ട്. ജനീവ കണ്‍വെന്‍ഷന് വിരുദ്ധമായി ജമ്മു കശ്‍മീരിലെ ജനസംഖ്യയില്‍ മാറ്റം വരുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രമാണ് ജര്‍മനിയിലെ നാസികള്‍ക്ക് പ്രചോദനമായത്. മറ്റു മതങ്ങളോടുള്ള വിദ്വേഷമാണ് അവരുടെ പ്രത്യയശാസ്ത്രം. ഇതിൻറെയൊക്കെ പ്രത്യാഘാതത്തിൽ ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുമ്പോഴും ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്. ചര്‍ച്ചകളിലൂടെ പ്രശ്‍നങ്ങള്‍ പരിഹരിക്കണമെന്നാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുന്നത്.

Content highlights: Imran Khan says Modi India is Like Hitler’s Nazi Germany