പൗരത്വ നിയമത്തിൽ ഇന്ത്യക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ ഒരുങ്ങുന്നു

154 European union lawmakers draft resolution against caa

ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ ഒരുങ്ങുന്നു. 154 പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. പൗരത്വ നിയമം അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗര പ്രതിസന്ധിക്ക് ഇത് ഇടയാക്കുമെന്നും പ്രമേയത്തിൻറെ കരടിൽ പറയുന്നു.

യൂറോപ്യൻ യൂണിയൻറെ അടുത്തയാഴ്ച നടക്കുന്ന സമ്പൂർണ്ണ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രമേയത്തിൽ, സർക്കാർ പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാധ്യമങ്ങളേയും നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്നും അതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിക്കുന്നു. ഇന്ത്യയുമായി കരാറിൽ ഏർപ്പെടുകയാണെങ്കിൽ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള കടുത്ത വ്യവസ്ഥകൾകൂടി അതിൽ ഉൾക്കൊള്ളിക്കണമെന്നും പറയുന്നു.

പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് മുസ്ലിങ്ങളെ രാജ്യത്തു നിന്നും ഇല്ലാതാക്കാൻ ശ്രമം നടക്കുമെന്ന ആശങ്കയും കരട് പ്രമേയത്തിലുണ്ട്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നിയമം ലംഘിച്ചെന്നും കരട് പ്രമേയം പറയുന്നു. ഈ കരട് പ്രമേയത്തിൽ പൗരത്വ നിയമത്തിനെതിരെ ജനുവരി ഏഴിന് നടന്ന സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. സമരക്കാരുമായി സർക്കാർ ചർച്ച നടത്തി അവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും കരട് പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

Content highlight: 154 European union lawmakers draft resolution against caa