കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനായി കൈകോർത്ത് ചൈനയും റഷ്യയും

China and Russia join hands to develop coronavirus vaccine

അനിയന്ത്രിതമായി പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന റഷ്യയുടെ സഹായം തേടി. വൈറസിൻ്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായാണ് റിപ്പോർട്ട്. അതേസമയം വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും  അതിന് മൂന്നു മാസത്തോളം വേണ്ടി വരുമെന്നും യു.എസ് വ്യക്തമാക്കി. എന്നാല്‍, ഇതിനകം തങ്ങള്‍ വാക്‌സിന്‍ കണ്ടെത്തിയതായി ഹോങ് കോങ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ യുവെന്‍ ക്വോക്ക് യങ് അവകാശപ്പെട്ടു. എന്നാല്‍, മൃഗങ്ങളില്‍ ഈ മരുന്ന് പരീക്ഷിക്കാന്‍ മാസങ്ങളും മനുഷ്യനില്‍ പരീക്ഷിക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെ ഓസ്ട്രേലിയ ലാബില്‍ വളര്‍ത്തിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. പ്രതിരോധ മരുന്ന് നിര്‍മാണത്തില്‍ ഇത് നിര്‍ണായകമാകും. അതിനിടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 170 ആയി.
പതിനാറിലധികം രാജ്യങ്ങളിലായി 6062 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ചവരുടെ എണ്ണവും ഔദ്യോഗിക കണക്കുകളെക്കാള്‍ ഏറെയാണെന്ന് ആശങ്ക ഉയരുന്നുണ്ട്. പത്തു ദിവസത്തിനുള്ളില്‍ വൈറസ് ബാധ ഏറ്റവും രൂക്ഷമായ തലത്തിലെത്തുമെന്നും അതിനു ശേഷം സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യ വിദഗ്ധന്‍ ജോങ് നാന്‍ഷാന്‍ പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, കാത്തേ പസഫിക്, ലയണ്‍ എയര്‍ എന്നീ അന്താരാഷ്ട്ര വിമാന സര്‍വീസ് കമ്പനികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി.

Content Highlights: China and Russia join hands to develop coronavirus vaccine