കൊറോണ; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

coronavirus death in china, world health organization declared global health emergency

കൊറോണ വൈറസ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നും 20 രാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്നതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ലോകാരോഗ്യ സംഘടന തലവൻ ഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ വ്യക്തമാക്കി. എന്നാൽ ചൈനയ്‌ക്ക് പുറത്ത് മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് ആഗോളതലത്തിൽ വ്യാപിച്ച സ്ഥിതി അതീവ ഗൗരവസ്വഭാവമുള്ളതാണ്. അതിനാൽ എല്ലാ അംഗരാജ്യങ്ങൾക്കും നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടരുന്നത് തടയാൻ ആവശ്യമായ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. വൈറസ് വ്യാപിച്ച പല രാജ്യങ്ങളും ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്നത് സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നുവെന്നും ലോക ആരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.

ലോകത്താകമാനമായി 9700 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ വ്യാപകമായ രീതിയിൽ വൈറസ് പടരുകയാണ്. വൈറസ് വ്യാപിക്കുന്നത് തടയാൻ അതിർത്തികൾ അടയ്‌ക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചൈനയ്‌ക്ക് തീരുമാനിക്കാമെന്നും അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന തലവന്‍ വ്യക്തമാക്കി.

Content highlights: corona virus death in china, world health organization declared global health emergency