അയോധ്യയിലെ മുഴുവന്‍ ഭൂമിയും രാമക്ഷേത്രത്തിന്; ട്രസ്റ്റ് രൂപീകരിച്ചു, പ്രഖ്യാപനവുമായി പ്രധാനമന്ത്രി

new trust formed for ram temple construction

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിച്ചെന്ന് നരേന്ദ്ര മോദി. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ക്ഷേത്രം നിര്‍മ്മിക്കാന്‍ പദ്ധതി രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം  മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം മോദി നടത്തുന്നത്. സുന്നി വഖഫ് ബോര്‍ഡിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിയെന്നും അദ്ദേഹം സഭയെ അറിയിച്ചു. ശ്രീരാമജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. 67.7ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന് കൈമാറി. ട്രസ്റ്റിൻ്റെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രസ്റ്റിലെ അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യം പ്രധാനമന്ത്രി ലോക്‌സഭയെ അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ബാബ്റി മസ്ജിദ് നിലനിന്നിരുന്ന തർക്ക ഭൂമിയുടെ ചുറ്റുമുള്ള ഈ ഭൂമി നേരത്തേ തന്നെ കേന്ദ്ര സർക്കാർ ഏറ്റെടുത്തിരുന്നതാണ്. നരസിംഹറാവുവിന്‍റെ കാലത്തായിരുന്നു ഇത്. അന്ന് ഇതിനായി പ്രത്യേക നിയമ നിർമാണം നടത്തിയാണ് ഈ ഭൂമി ഏറ്റെടുത്തത്. ഈ ഭൂമിയുടെ ഒരു വശത്ത് പള്ളി പണിയാൻ അനുമതി നൽകണമെന്ന് ഏറെക്കാലമായി മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഈ ഭൂമിയിൽ ഇനി വേറെ നിർമിതികളുണ്ടാകില്ലെന്നും പൂർണമായും രാമക്ഷേത്രത്തിനായി മാത്രം നൽകുമെന്നും വ്യക്തമാക്കുകയാണ് മോദി.

Content Highlights: new trust formed for ram temple construction says prime minister Narendra Modi ahead of Delhi election